ന്യൂഡൽഹി: മനുഷ്യരുടെ പ്രവൃത്തികൾ ആഗോളകാലാവസ്ഥയെ മുമ്പില്ലാത്തവിധം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അതിതീവ്രമായ ഉഷ്ണവാതങ്ങളും വരൾച്ചയും വെള്ളപ്പൊക്കവും കൂടിവരുമെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്.

വരുന്ന 20 വർഷംകൊണ്ട് ആഗോളതാപനിലയിലെ ശരാശരി വർധന ഒന്നര ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന മുന്നറിയിപ്പുമുണ്ട്. താപനില ഈ പരിധി കടക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015-ൽ പാരീസ് കാലാവസ്ഥാ ഉടമ്പടി കൊണ്ടുവന്നത്. പക്ഷേ, അതിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ രാജ്യങ്ങൾ ശുഷ്കാന്തി കാണിക്കാതിരുന്നതാണ് അതിവേഗം ആസന്നമാകുന്ന ദുരവസ്ഥയ്ക്ക്‌ കാരണം.

കാലാവസ്ഥാവ്യതിയാനത്തിന്റെ ശാസ്ത്രീയവശങ്ങൾ വിലയിരുത്താൻ ഐക്യരാഷ്ട്രസഭ 1988-ൽ സ്ഥാപിച്ച ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി.) ആറാം റിപ്പോർട്ടിലാണ് ഭൂമി അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയെക്കുറിച്ച് വിവരിക്കുന്നത്.

‘മനുഷ്യരാശിക്കുള്ള അടിയന്തര മുന്നറിയിപ്പാണ്’ ഈ റിപ്പോർട്ടെന്ന് തിങ്കളാഴ്ച അത്‌ പുറത്തിറക്കിക്കൊണ്ട് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു. കാര്യങ്ങൾ വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്നും ഓടിയൊളിക്കാൻ ഒരിടവുമില്ലെന്നും റിപ്പോർട്ടിന്റെ സഹരചയിതാവ് ലിൻഡ മീൺസ് മുന്നറിയിപ്പ്‌ നൽകി.

ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിൽ കാര്യമായ കുറവുവരുത്തിയാൽ ഭൗമതാപം ഇനിയും ഉയരാതെ കാക്കാമെന്നും റിപ്പോർട്ട് പറയുന്നു. നിർണായക കാലാവസ്ഥാ ഉച്ചകോടി മൂന്ന്‌ മാസത്തിനകം സ്കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കെയാണ് ഐ.പി.സി.സി. റിപ്പോർട്ട് പുറത്തുവന്നത്. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ 234 ശാസ്ത്രജ്ഞർ ചേർന്നാണ് നാലായിരത്തോളം പേജ് വരുന്ന റിപ്പോർട്ട് തയ്യാറാക്കിയത്.

റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ

* 1850 മുതൽ 1900 വരെയുള്ള പത്ത്‌ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2011-2020ൽ ആഗോള താപനില 1.09 ഡിഗ്രി സെൽഷ്യൽസ് കൂടി.

* 1850-നുശേഷം ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടെ.

* 1901 മുതൽ 1971 വരെയുള്ള 70 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കടലേറ്റ നിരക്ക് മൂന്നിരട്ടിയായി. ഈ നൂറ്റാണ്ടിന്റെ പാതിയോടെ സമുദ്രനിരപ്പ് 15 മുതൽ 30 സെന്റിമീറ്റർവരെ ഉയരാൻ സാധ്യത.

* 1990-കൾ മുതൽ ഹിമാനികൾ അതിവേഗം ഉരുകുന്നതും ആർട്ടിക്കിന്റെ ഹിമകവചം നഷ്ടപ്പെടുന്നതിനും 90 ശതമാനവും കാരണം മനുഷ്യന്റെ പ്രവൃത്തികൾ. 2050-ന്‌ മുമ്പ് ആർട്ടിക്കിൽ മഞ്ഞില്ലാതാകും.

* ആഗോളതാപനില ഈ നിലയ്ക്കുപോയാൽ ഉഷ്ണവാതവും വരൾച്ചയും വെള്ളപ്പൊക്കവും കൊടുങ്കാറ്റും അടിയ്ക്കടിയുണ്ടാകും. 50 വർഷത്തിൽ ഒരിക്കൽ സംഭവിച്ചിരുന്നതരം ഉഷ്ണവാതം ഇപ്പോൾ പത്ത്‌ വർഷത്തിൽ ഒരിക്കലുണ്ടാകുന്നു. ഭൗമതാപനില അല്പംകൂടി ഉയർന്നാൽ ഇത് ഏഴ്‌ വർഷത്തിൽ രണ്ട്‌ തവണ എന്ന നിലയിലാകും. തണുത്ത കാലാവസ്ഥ അപൂർവമാകും.

ഭൂമിയെ രക്ഷിക്കാനുള്ള വഴി

ആഗോളതാപം കുറയ്ക്കാൻ കഴിയുമെന്ന് റിപ്പോർട്ട് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 2030-ഓടെ കാര്യമായി കുറയ്ക്കുകയാണ് ഇതിന് ആദ്യം വേണ്ടത്. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ അത് ഒട്ടുമില്ലാതാക്കണം. അങ്ങനെ താപനിലയിലെ വർധന പിടിച്ചുനിർത്താനും സാവധാനം കുറയ്ക്കാനും കഴിയും.

ഇന്ത്യയെ കാത്തിരിക്കുന്നത്

ഹിമാലയമലനിരകളിലെ മഞ്ഞുരുകും, സമുദ്രനിരപ്പ് ഉയരും, ചുഴലിക്കാറ്റുകൾ തീവ്രമാകും, അത് പ്രളയങ്ങൾക്കിടയാക്കും, കാലവർഷം താളംതെറ്റും, കൊടും ചൂടും വരൾച്ചയും ഉഷ്ണവാതവുമുണ്ടാകും. വരുംവർഷങ്ങളിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഈ ദുരന്തങ്ങളാണെന്ന് ഐ.പി.സി.സി. റിപ്പോർട്ട് പറയുന്നു. ഇവ അപരിഹാര്യമാണെന്നും റിപ്പോർട്ടിലുണ്ട്.

മറ്റ്‌ സമുദ്രങ്ങളെക്കാൾ ഇന്ത്യൻ മഹാസമുദ്രം അതിവേഗം ചൂടാകുന്നതാണ് ഇതിന്‌ കാരണം. സമുദ്രനിരപ്പുയരുന്നതിന് 50 ശതമാനം കാരണവും ഈ താപനില വർധനയാണെന്ന് ഐ.പി.സി.സി. റിപ്പോർട്ടിന്റെ സഹരചയിതാവ് ഡോ. സ്വപ്ന പണിക്കിൽ പറഞ്ഞു. അടുത്ത 20-30 വർഷം ഇന്ത്യയിൽ മഴലഭ്യത കൂടില്ല. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കാലവർഷത്തിൽ വർധനയുണ്ടാകും.

Content Highlight: UN's New Climate Change Report