ന്യൂഡല്‍ഹി: ദേശീയ ഔഷധ സര്‍വെയില്‍ 946 മരുന്ന് സാമ്പിളുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ഇവയുടെ ഉത്പാദകരായ 66 മരുന്ന് കമ്പനികളുടെ പട്ടിക കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ടു. കേരള സര്‍ക്കാരിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡും (കെ.എസ്.ഡി.പി.) പട്ടികയിലുണ്ട്.

കെ.എസ്.ഡി.പി. ഉത്പാദിപ്പിച്ച 14 മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കര്‍ണാടക ആന്റിബയോട്ടിക്‌സിന്റെ 14-ഉം ഉത്തര്‍പ്രദേശ് ഡ്രഗ്‌സിന്റെ 10-ഉം മരുന്നുകള്‍ക്ക് ഗുണനിലവാര പരിശോധനയില്‍ വിജയിക്കാനായില്ല. ഫൈസര്‍, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, സിപ്ല, യൂനിക്യൂര്‍, ഹെയില്‍വുഡ് ലബോറട്ടറീസ്, സ്‌കോട്ട് എഡില്‍ ഫാര്‍മസി തുടങ്ങിയ വന്‍കിട കമ്പനികളുടെ ചില മരുന്നുകളും പരാജയപ്പെട്ടവയിലുള്‍പ്പെടുന്നു.

പൊതുജനത്തിന് വിവരം നല്‍കാനാണ് കമ്പനികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ വ്യക്തമാക്കി. ഔഷധ സര്‍വേയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാനായി ഓര്‍ഗനൈസേഷനില്‍ കഴിഞ്ഞദിവസം ഉന്നതതലയോഗം ചേര്‍ന്നു. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചില്‍ കൂടുതല്‍ സാമ്പിളുകള്‍ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയ കമ്പനികളുടെ പട്ടിക പുറത്തുവിട്ടത്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍സ് രണ്ടുവര്‍ഷം കൊണ്ടാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും നടപടി രൂപത്തില്‍ കമ്പനികളുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നത് ഇപ്പോഴാണ്. 719 കമ്പനികളുടെ 47,012 മരുന്നുകളാണ് പരിശോധിച്ചത്. ഇതില്‍ 8,369 മരുന്നുകളാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിര്‍മിച്ചത്. കേരളത്തില്‍ നിന്ന് 946 മരുന്ന് സാമ്പിളുകള്‍ പരിശോധിച്ചതില്‍ 94 എണ്ണത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി.

സര്‍ക്കാര്‍കമ്പനികളുടെ മരുന്നുകളില്‍ ഗുളികകളും തുള്ളിമരുന്നുകളും കുത്തിവെയ്ക്കുന്ന മരുന്നുകളും മരുന്നുപൊടികളും ഗുണനിലവാരമില്ലാത്തവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബിസ്‌കോഡൈല്‍, സിങ്ക് സള്‍ഫേറ്റ്, അമികാസി, ഓക്‌സിടോസിന്‍ തുടങ്ങിയ ഘടകങ്ങള്‍ ഉപയോഗിക്കുന്ന മരുന്നുകളാണ് ഇതില്‍ കൂടുതലും. മതിയായ അളവില്‍ മരുന്ന് ഇല്ലാതിരിക്കല്‍, അലിഞ്ഞുപോകല്‍, ഉപയോഗിച്ച ഘടകങ്ങളുടെ നിലവാരമില്ലായ്മ, മരുന്നില്‍ ഉപയോഗിച്ച ഘടകങ്ങളുടെ ശരിയായ വിവരം നല്‍കാതിരിക്കുക എന്നീ കാരണങ്ങളാലാണ് മരുന്നുകള്‍ നിലവാരപരിശോധനയില്‍ പരാജയപ്പെടുന്നത്.

പ്രശ്‌നം സംഭരണത്തിലെ തകരാര്‍ -കെ.എസ്.ഡി.പി.

ന്യൂഡല്‍ഹി:
സാമ്പിളുകള്‍ ശേഖരിച്ച ആസ്​പത്രികളിലെ സംഭരണ സംവിധാനത്തിന്റെ തകരാറാവാം ഗുണനിലവാര പരിശോധനയില്‍ ചില മരുന്നുകള്‍ പരാജയപ്പെട്ടതിന് കാരണമെന്ന് കെ.എസ്.ഡി.പി. കേരളത്തിലെ വിവിധ ആസ്​പത്രികളില്‍ നിന്നാണ് സാമ്പിളുകളെടുത്തത്.

വിഷയത്തില്‍ കെ.എസ്.ഡി.പി.യോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്. ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന സാമ്പിളുകള്‍ പരിശോധിക്കാന്‍ കെ.എസ്.ഡി.പി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രസംഘം സാള്‍ബട്ടമോള്‍ എന്ന മരുന്ന് പരിശോധിച്ചിരുന്നു. ഇതിന് പ്രശ്‌നമില്ലെന്ന് കണ്ടെത്തുകയും ചെയ്തുവെന്ന് കെ.എസ്.ഡി.പി.യിലെ ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

സ്ഥാപനത്തിനകത്ത് പരിശോധന നടത്തി ഗുണനിലവാരം ഉറപ്പിച്ച സാമ്പിളുകളാണ് ആസ്​പത്രികളില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍, കേന്ദ്ര പരിശോധനയില്‍ നിര്‍ദിഷ്ട ഗുണനിലവാരം ഇല്ല എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആസ്​പത്രികളില്‍നിന്ന് മരുന്നുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടിരുന്നു. അപ്പോഴേക്കും വിതരണം ചെയ്ത മരുന്നുകളെല്ലാം വിറ്റുപോയിരുന്നതായും അധികൃതര്‍ പറഞ്ഞു.