ന്യൂഡൽഹി: ഫോനി ചുഴലിക്കാറ്റിന്റെ ഗതി കൃത്യമായി പ്രവചിച്ച ഇന്ത്യൻ കാലാവസ്ഥാവകുപ്പിന് ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) അഭിനന്ദനം. കാറ്റിന്റെ ഗതി മനസ്സിലാക്കി വകുപ്പുനൽകിയ മുന്നറിയിപ്പ് കണക്കിലെടുത്ത് അധികൃതർ സ്വീകരിച്ച നടപടികൾ ജീവഹാനി കുറയ്ക്കാൻ സഹായിച്ചെന്ന് യു.എൻ. വിലയിരുത്തി.

മണിക്കൂറിൽ 175 കിലോമീറ്റർവരെ വേഗത്തിലാണ് വെള്ളിയാഴ്ച ഒഡിഷയിൽ ചുഴലിക്കാറ്റ് വീശിയത്. തീരനഗരമായ പുരിയിലും ഭുവനേശ്വറിലും മറ്റിടങ്ങളിലും കാറ്റ് കനത്ത നാശമുണ്ടാക്കിയെങ്കിലും പതിനഞ്ചോളം ജീവനുകളേ പൊലിഞ്ഞുള്ളൂ.

കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് തീരദേശത്തെ 12 ലക്ഷത്തോളം പേരെ ദേശീയ ദുരന്തനിവാരണ സേനയും (എൻ.ഡി.എം.എ.) മറ്റ് അധികൃതരും ചേർന്ന് സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റിയിരുന്നു. എൻ.ഡി.എം.എ. നടത്തിയ പ്രവർത്തനങ്ങളെയും യു.എന്നിന്റെ ദുരന്തസാധ്യതാ ലഘൂകരണവിഭാഗം (യു.എൻ.ഐ.എസ്.ഡി.ആർ.) അഭിനന്ദിച്ചു.

ഫോനി നേരിടുന്നതിൽ ഇന്ത്യ സ്വീകരിച്ച സമീപനം അന്താരാഷ്ട്രതലത്തിൽ ദുരന്തനിവാരണങ്ങൾക്കായി യു.എൻ. രൂപവത്കരിച്ച സെൻഡായ് ചട്ടങ്ങൾ പാലിക്കുന്നതിലേക്ക്‌ നൽകിയ സംഭാവന വലുതാണെന്ന് യു.എൻ.ഐ.എസ്.ഡി.ആർ. മേധാവി മാമി മിസുടോറിയും ട്വീറ്റ് ചെയ്തു.

2015 മുതൽ 2030 വരെയുള്ള 15 വർഷങ്ങളിൽ പ്രകൃതിദുരന്തങ്ങൾമൂലമുണ്ടാകുന്ന വിനാശം കുറയ്ക്കാൻ അതതു രാജ്യങ്ങളെ ബാധ്യസ്ഥരാക്കുന്ന യു.എൻ. ഉടമ്പടിയാണ് സെൻഡായ് ചട്ടം.

Content Highlights: UN Praises Weather Department For Pinpoint Accuracy On Cyclone Fani