കീവ്: തമ്മിൽ സ്നേഹമുണ്ട്. അങ്ങനെ, ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചവരാണ് യുക്രൈനിയൻ ദമ്പതികളായ അലക്സാണ്ടർ കുട്‌ലെയും വിക്ടോറിയ പുസ്‌ടോവിറ്റോയും. പക്ഷെ, പറഞ്ഞിട്ടെന്തു കാര്യം, ഒന്നും രണ്ടും പറഞ്ഞ് തർക്കിക്കാനേ രണ്ടുപേർക്കും നേരമുള്ളു. ഒരേ വീട്ടിൽ വഴക്കിട്ടു കഴിയേണ്ട, പിരിയാം എന്ന തീരുമാനത്തിലെത്തുമ്പോഴാണ് പിരിയാതിരിക്കാനുള്ള അവസാന ശ്രമം എന്ന നിലയിൽ മുപ്പത്തിമൂന്നുകാരനായ കുട്‌ലെ ഒരു കൈകെട്ടു പരീക്ഷണം അവതരിപ്പിക്കുന്നത്. പരസ്പരം കൈകൾ ചങ്ങലകൊണ്ട് ബന്ധിപ്പിക്കുക. അവസാനത്തെ അടവ് എന്ന നിലയിൽ മൂന്നുമാസത്തെ പരീക്ഷണം.

പുസ്‌ടോവിറ്റോയ്ക്ക് ആശയം അത്ര പിടിച്ചില്ലെങ്കിലും ഒന്നു പരീക്ഷിക്കാമെന്ന് കരുതി സമ്മതം മൂളി. പ്രണയദിനത്തിൽതന്നെ പരീക്ഷണത്തിന് തുടക്കം. ചങ്ങല കൊണ്ടുണ്ടാക്കിയ കൈയാമത്തിൽ പരസ്പരം ബന്ധിപ്പിച്ചു. പിന്നെ, ഭക്ഷണം, കുളി, ഉറക്കം, കറക്കം എല്ലാം ഒന്നിച്ച്. അതിലെ രസകരമായ നിമിഷങ്ങൾ വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാൻ തുടങ്ങിയതോടെ സംഭവം സാമൂഹികമാധ്യമങ്ങളിൽ തരംഗമായി.

ദമ്പതിമാരുടെ പരീക്ഷണത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് വെർച്വൽ ലോകത്ത് ഉയരുന്നത്. പൊരുത്തക്കേടുകളുള്ളവർ ഒന്നിച്ച് ജീവിക്കുന്നതെന്തിന് എന്നു ചോദിക്കുന്നവരും ബന്ധനം ഒന്നിനും പരിഹാരമല്ല എന്നു പറയുന്നവർക്കുമൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള ദമ്പതികളെടുത്ത ത്യാഗത്തെ അഭിനന്ദിക്കുന്നവരുമുണ്ട്. ഇവരോടെല്ലാം ഇരുപത്തെട്ടുകാരിയായ പുസ്‌ടോവിറ്റോ പറയുന്നത് ഇങ്ങനെയാണ്. തമ്മിലെ വഴക്ക് ഒരിക്കലും അവസാനിക്കുന്നില്ല. എന്നാൽ, വഴക്കിന്റെ അവസാനം പെട്ടിയെടുത്ത് രണ്ടുവഴി പോകുന്നതിനു പകരം കുറച്ചുനേരം സംസാരിക്കാതിരുന്നാൽ തീരുന്ന പ്രശ്നമേയുള്ളു എന്ന തിരിച്ചറിവിൽ എത്താൻ ഈ പരീക്ഷണം കൊണ്ടായി എന്നാണ്.

Content Highlight: Ukrainian couple CHAIN themselves together for three months