ന്യൂഡൽഹി: കോളേജുകളിലെ പുതിയ പ്രവേശനം സപ്തംബർ മുപ്പതോടെ പൂർത്തിയാക്കാനും ഒക്ടോബർ ഒന്നിന് ക്ലാസുകൾ തുടങ്ങാനും യു.ജി.സി. സർവകലാശാലകൾക്കും കോളേജുകൾക്കും നിർദേശം നൽകി.

സി.ബി.എസ്.ഇ.യുടെയും ഐ.സി.എസ്.ഇ.യുടെയും 12-ാം ക്ലാസ് ഫലം വന്നതിനുശേഷമേ പ്രവേശനനടപടികൾ തുടങ്ങാവൂ. ജൂലായ് 31-ഓടെ എല്ലാ സംസ്ഥാനബോർഡുകളും സി.ബി.എസ്.ഇ.യും ഫലം പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ 12-ാംക്ലാസ് ഫലം വൈകിയാൽ പുതിയ അധ്യയനവർഷം തുടങ്ങുന്നത് ഒക്ടോബർ 18-ലേക്ക് മാറ്റാമെന്നും യു.ജി.സി. നിർദേശിച്ചു.

കോവിഡ് സ്ഥിതികൾ വിലയിരുത്തി ക്ലാസുകൾ ഓൺലൈനായോ ഓഫ്‌ലൈനായോ രണ്ടുംകൂടിയോ നടത്താം. ഒക്ടോബർ ഒന്നുമുതൽ ജൂലായ് 31 വരെ ക്ലാസുകൾ, ഇടവേള, പരീക്ഷാനടത്തിപ്പ് എന്നിവ യൂണിവേഴ്‌സിറ്റികൾ മുൻകൂട്ടി ആസൂത്രണംചെയ്യണം. ഏതെങ്കിലും കാരണവശാൽ പ്രവേശനം റദ്ദാക്കിയാലോ ഒരു സ്ഥാപനത്തിൽനിന്ന് വേറൊരു സ്ഥാപനത്തിലേക്ക് മാറിയാലോ ഫീസ് മുഴുവനായും തിരികെ നൽകണം.

2020-21 വർഷത്തെ സെമസ്റ്റർ/ഫൈനൽ പരീക്ഷകൾ ഓഗസ്റ്റ് 31-ന് മുമ്പ്‌ പൂർത്തിയാക്കണമെന്നും യു.ജി.സി. നിർദേശിച്ചു.

Content Highlights: UGC releases academic calendar for 2021-22 session, first year classes to begin from October 1