മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു പിന്നാലെ ശരദ്പവാറിനും അനിൽ ദേശ്‌മുഖിനും ഫോൺഭീഷണി. മുഖ്യമന്ത്രിക്ക് പുറമെ എൻ.സി.പി ദേശീയ അധ്യക്ഷൻ, അഭ്യന്തരമന്ത്രി എന്നിവർക്ക് സന്ദേശമെത്തിയത് മഹാരാഷ്ട്ര പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഇരുവർക്കും ഫോൺസന്ദേശമെത്തിയത്. ലാൻഡ്‌ ഫോണിൽനിന്നാണ് സന്ദേശമെത്തിയതെന്ന് പോലീസ് പറഞ്ഞു. ഫോൺസന്ദേശത്തിന്റെ ഉള്ളടക്കം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

അനിൽ ദേശ്‌മുഖിന്റെ നാഗ്പൂരിലെ ഓഫീസിലും ശരദ്പവാറിന്റെ മുംബൈയിലെ വസതിയായ സിൽവർ ഓക്കിലുമാണ് ഭീഷണിയെത്തിയത്. ഉദ്ധവ് താക്കറെയുടെ ബാന്ദ്രയിലെ വസതിയായ മാതോശ്രീയിൽ ബോംബാക്രമണം നടത്തുമെന്ന ടെലിഫോൺ ഭീഷണിയാണ് ലഭിച്ചത്. മാതോശ്രീയിലെ ഫോണിൽ ശനിയാഴ്ച രാത്രി ഒൻപതിനാണ് ആദ്യവിളി വന്നത്. പിന്നീട് പത്ത് മിനിട്ടിന് ശേഷവും രണ്ടാമത്തേതും.

മാതോശ്രീയിലെ ടെലിഫോൺ ഓപ്പറേറ്റർക്കാണ് ഫോൺവിളി ലഭിച്ചത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പേരിലാണ് സന്ദേശം. അധോലോകനായകന്റെ സഹായിയാണെന്ന് അവകാശപ്പെടുന്ന ഒരാളാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. പോലീസ് ഊർജിതമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Content Highlights; Udhav Thackeray Sharad Pawar