മുംബൈ: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒരിക്കൽപോലും മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേന മുഖപത്രമായ ‘സാമ്‌ന’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആരേ കോളനിയിൽ മരംമുറിച്ച സംഭവത്തിലും അവിടെ കാർ ഷെഡ് തുടങ്ങാനുള്ള തീരുമാനത്തിലും പാർട്ടിക്കുള്ളിൽ എതിർപ്പുണ്ട്. കുടിപ്പകരാഷ്ട്രീയം കൊണ്ടുനടക്കുന്നത് ശരിയല്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. നിലവിലെ സാമ്പത്തികമാന്ദ്യത്തെ അംഗീകരിച്ചാലും ഇല്ലെങ്കിലും തൊഴിൽ, വ്യവസായ നഷ്ടങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നത് സത്യമാണ്.

എൻ.സി.പി. അധ്യക്ഷൻ ശരദ്പവാർ, സഹോദരീപുത്രൻ അജിത് പവാർ എന്നിവരുടെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനെ സൂചിപ്പിച്ച് പ്രതികാരരാഷ്ട്രീയത്തിന് മഹാരാഷ്ട്രയിൽ സ്ഥാനമില്ലെന്നും താക്കറെ പറഞ്ഞു. അധികാരവും അവകാശവും ഒരിക്കലും ദുരുപയോഗംചെയ്യരുതെന്നും പ്രതികാരരാഷ്ട്രീയം കൊണ്ടുനടക്കരുതെന്നും ഉദ്ധവ്‌ പറഞ്ഞു. ശിവസേന-ബി.ജെ.പി. സഖ്യം നല്ലഭരണമാണ് കാഴ്ചവെച്ചത്. വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

Content Highlights: Udhav Thackeray Maharashtra