മുംബൈ: ബി.ജെ.പി.യുമായാണ് വേർപിരിഞ്ഞതെന്നും ഹിന്ദുത്വവാദവുമായല്ലെന്നും ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. രാമക്ഷേത്ര നിർമാണത്തിന് ശിവസേന ഒരു കോടിരൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ നൂറാംദിനത്തിലാണ് മകനും മന്ത്രിയുമായ ആദിത്യതാക്കറെയ്ക്കൊപ്പം ഉദ്ധവ് അയോധ്യയിലെത്തിയത്.

‘‘കോൺഗ്രസും എൻ.സി.പി.യുമായി അധികാരം പങ്കിടുന്ന സർക്കാരാണെങ്കിലും ഹിന്ദുത്വ നിലപാടിൽ ഒരു മാറ്റവുമില്ല. രാമക്ഷേത്ര നിർമാണം വേഗം നടത്തണം. ഒരിക്കലും അധികാരം ആഗ്രഹിച്ചയാളല്ല ഞാൻ. മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നതിനുവേണ്ടി എനിക്ക് ബാൽതാക്കറെ കുടുംബത്തിലെ കീഴ്‌വഴക്കം ലംഘിക്കേണ്ടിവന്നു. ശിവസൈനികനെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാക്കാമെന്ന് പിതാവിന് കൊടുത്ത വാക്കുപാലിക്കാൻവേണ്ടിമാത്രമാണ് ഞാൻ അതിനു തയ്യാറായതെ’’ന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളിൽ ബാൽ താക്കറെ നൽകിയ സംഭാവനകൾ പരിഗണിച്ച് ട്രസ്റ്റിൽ പ്രാതിനിധ്യം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഉദ്ധവ് രാമജന്മഭൂമി സന്ദർശിച്ചത്.

ക്ഷേത്രസന്ദർശനത്തിൽ ആരതി ഉഴിയാൻ തീരുമാനിച്ചെങ്കിലും കൊറോണ പടരുന്ന സാഹചര്യത്തിൽ തീരുമാനം മാറ്റി.

Content Highlights: Udhav Ayodhya BJP