ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധിയെ മുഴുവൻ പേജുകളിലും ചിത്രീകരിച്ച് ഉത്തർപ്രദേശ് കോൺഗ്രസിന്റെ 2021-ലെ കലണ്ടർ. പ്രിയങ്കയുടെ മുഴനീള വർണ ചിത്രങ്ങളടങ്ങിയ 12 പേജുള്ള 10 ലക്ഷത്തോളം കലണ്ടർ സംസ്ഥാനത്ത് വിതരണത്തിനു തയ്യാറാക്കിയിരിക്കയാണ് പാർട്ടി. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കയാവും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് അഭ്യൂഹം പരക്കെ പാർട്ടി വൃത്തങ്ങളിലുണ്ട്.

സമാനരീതിയിലുള്ള കലണ്ടർ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലും തയ്യാറാക്കിയിട്ടുണ്ടെന്നും ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്ന നിലയിലാണ് പ്രിയങ്കയുടെ ചിത്രം കലണ്ടറിൽ സ്ഥാപിച്ചതെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

ഹാഥ്‌റസിൽ ബലാത്സംഗം ചെയ്തുകൊന്ന പെൺകുട്ടിയുടെ അമ്മയെ പ്രിയങ്ക കെട്ടിപ്പിടിക്കുന്നത്, സോനഭദ്രയിൽ ജാതി ആക്രമണത്തിനിരയായവരെ സന്ദർശിക്കുന്നത്, വാരാണസിയിൽ വിശുദ്ധ രവിദാസിന്റെ ജന്മവാർഷികത്തിൽ പങ്കുചേർന്നത് എന്നിങ്ങനെ പ്രിയങ്കയുടെ വിവിധ ചിത്രങ്ങളാണ് ഓരോ പേജിലുമുള്ളത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ പ്രതിച്ഛായയെ എതിരിടുന്നതിന് പരമശിവന്റെ പ്രതിഷ്ഠയുള്ള പ്രശസ്തമായ മഹാകാൽ ക്ഷേത്രത്തിൽ പ്രിയങ്ക പ്രാർഥിക്കുന്നതിന്റെ ചിത്രങ്ങളും നൽകിയിട്ടുണ്ട്. യു.പി.യിൽ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനം നടത്തുന്നതിനായി പ്രിയങ്ക ലഖ്‌നൗവിലേക്ക് താമസം മാറ്റാനിരിക്കയാണ്.

Content Highlights: U.P. Cong. calendar featuring Priyanka Gandhi fuels speculation