ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിലെ കേസിൽ കക്ഷിചേരാൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷൻ അപേക്ഷനൽകി. കോടതിയെ സഹായിക്കുന്ന അമിക്കസ്‌ ക്യൂറി ആയി കക്ഷിചേരാനാണ് ആഗ്രഹിക്കുന്നതെന്ന് ഹൈക്കമ്മിഷണർ മിഷേൽ ബാച്‌ലെ അപേക്ഷയിൽ പറഞ്ഞു. നിയമം വിവേചനപരമാണെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻനിയമത്തെ പുറത്തുനിന്നുള്ള ഏജൻസി സുപ്രീംകോടതിയിൽ ചോദ്യംചെയ്യുന്നതു പതിവില്ലാത്തതാണെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെട്ടു.

കമ്മിഷന്റെ ഇടപെടലിൽ വിദേശകാര്യമന്ത്രാലയം ശക്തമായ എതിർപ്പറിയിച്ചു. പരമാധികാരരാഷ്ട്രമായ ഇന്ത്യയുടെ ആഭ്യന്തരവിഷയത്തിൽ ഇടപെടാൻ പുറത്തുനിന്നുള്ള കക്ഷിക്ക് ഒരവകാശവുമില്ലെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാർ പറഞ്ഞു. നിയമങ്ങളുണ്ടാക്കാൻ പാർലമെന്റിനു പരമാധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങളെ രാജ്യങ്ങൾ ബഹുമാനിക്കണമെന്നും കുടിയേറ്റക്കാർക്ക്‌ വിവേചനരഹിതമായ പരിഗണന നൽകണമെന്നും കമ്മിഷൻ സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു. എല്ലാ കുടിയേറ്റക്കാർക്കും ജാതി, മത, ദേശ വ്യത്യാസമില്ലാതെ മനുഷ്യാവകാശമുണ്ട്. വിവേചനരഹിതവും തുല്യവുമായ പരിഗണനയ്ക്ക് അവർ അർഹരാണ്. അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങൾ പൗരൻമാരെന്നും പൗരത്വമില്ലാത്തവരെന്നും ആരെയും തരംതിരിക്കുന്നില്ല. അതിനാൽ, തങ്ങളുടെ അധീനമേഖലയിലുള്ള കുടിയേറ്റക്കാർ, അവർ നിയമവിരുദ്ധ കുടിയേറ്റക്കാരായാൽപ്പോലും വിവേചനം പാടില്ല -കമ്മിഷൻ അപേക്ഷയിൽ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്രക്കോടതിക്ക് പുറമേ, യു.എസ്., ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ പരമോന്നത കോടതികളിലും മുൻപ് പല കേസുകളിലും അമിക്കസ്‌ ക്യൂറിയായിട്ടുണ്ടെന്നും കമ്മിഷൻ അവകാശപ്പെട്ടു.

ഭരണഘടനാസാധുതയുണ്ട്

പൗരത്വനിയമഭേദഗതിക്ക്‌ ഭരണഘടനാസാധുതയുണ്ട്. ഭരണഘടനാമൂല്യങ്ങളെല്ലാം അതു പാലിക്കുന്നുമുണ്ട്. വിഭജനത്തിന്റെ ദുരന്തത്തിൽനിന്നുണ്ടായ മനുഷ്യാവകാശപ്രശ്നങ്ങളെ അംഗീകരിക്കാനുള്ള രാജ്യത്തിന്റെ ബാധ്യതയാണ് നിയമത്തിൽ പ്രതിഫലിക്കുന്നത്. നിയമവാഴ്ചയുള്ള ജനാധിപത്യരാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ സ്വതന്ത്രമായ നീതിന്യായവ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ട്

-രവീഷ് കുമാർ, വിദേശകാര്യമന്ത്രാലയ വക്താവ്

Content Highlights: U.N. rights body to move Supreme Court on Citizenship Amendment Act