ന്യൂഡൽഹി: ഡൽഹിയിലെ പാക് സ്ഥാനപതി കാര്യാലയത്തിലെ (ഹൈക്കമ്മിഷൻ) രണ്ട് ഉദ്യോഗസ്ഥരെ ചാരവൃത്തിക്കിടെ പിടികൂടി. അനഭിമതരായി പ്രഖ്യാപിച്ച ഇവരോട് 48 മണിക്കൂറിനകം രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടു. പാക് സ്ഥാനപതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് ഞായറാഴ്ച വിദേശകാര്യ മന്ത്രാലയം തീരുമാനമറിയിച്ചത്
ഹൈക്കമ്മിഷനിൽ വിസ വിഭാഗത്തിൽ ജോലിചെയ്യുന്ന ആബിദ് ഹുസൈൻ, താഹിർ ഹുസൈൻ എന്നിവരെയാണ് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കിടയിൽ ഞായറാഴ്ച ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കൈയോടെ പിടികൂടിയത്. പാക് ഉദ്യോഗസ്ഥരുടെ നടപടിയിൽ ഇന്ത്യ കടുത്ത പ്രതിഷേധമറിയിച്ചു. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വിദേശകാര്യമന്ത്രാലയം പാക് സ്ഥാനപതിയോട് ആവശ്യപ്പെട്ടു.
2016-ൽ മെഹമൂദ് അക്തർ എന്ന പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ നിർണായക രേഖകൾ കൈവശം വെച്ചതിന് ഇന്ത്യ പിടികൂടിയിരുന്നു. പാക് സേനയുടെ ബലൂച് റെജിമെന്റിന്റെ ഭാഗമായ അക്തർ പാക് ചാരസംഘടനയായ ഐ.എസ്.ഐ.യിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചുവരികയായിരുന്നെന്ന് ചോദ്യംചെയ്യലിൽ തെളിഞ്ഞിരുന്നു.
Content Highlights: Centre Asks Them to Leave India within 24 Hrs