ന്യൂഡൽഹി: ഫലപ്രദമായ കോവിഡ് വാക്സിനായുള്ള ലോകത്തിന്റെ ശ്രമം തുടരുന്നതിനിടയിൽ തദ്ദേശീയമായി വികസിപ്പിച്ച രണ്ടു വാക്സിനുകളിലൂടെ മനുഷ്യരാശിയെ രക്ഷിക്കാൻ ഇന്ത്യ തയ്യാറാണെന്നു പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വികസിപ്പിച്ച രണ്ടു വാക്സിനുകൾക്കായി ലോകം കാത്തിരിക്കുക മാത്രമല്ല, ഭൂഗോളത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പരിപാടി എങ്ങനെയാണ് നടത്തുന്നതെന്നവർ നിരീക്ഷിക്കുകകൂടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘പി.പി.ഇ. കിറ്റുകൾ, മാസ്കുകൾ, വെന്റിലേറ്ററുകൾ, ടെസ്റ്റിങ് കിറ്റുകൾ എന്നിവ ഇന്ത്യ പുറത്തുനിന്ന് ഇറക്കുമതി ചെയ്യാറുണ്ടായിരുന്നു. എന്നാൽ നമ്മുടെ രാഷ്ട്രമിപ്പോൾ ഇക്കാര്യത്തിൽ സ്വാശ്രയമാണ്. ലോകത്തിലെ ഏറ്റവുംകുറഞ്ഞ കോവിഡ് മരണനിരക്കും കൂടിയ രോഗമുക്തി നിരക്കും ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സമ്പദ് വ്യവസ്ഥയെയും പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളെയും തകർക്കുന്ന കോവിഡിനെതിരേ ഒന്നല്ല, രണ്ടു ഇന്ത്യൻ നിർമിത വാക്സിൻ ഉപയോഗിച്ച് മനുഷ്യരാശിയെ രക്ഷിക്കാൻ ഇന്ത്യ തയ്യാറാണ്’’- പ്രധാനമന്ത്രി പറഞ്ഞു.
ലോകമെമ്പാടും ഇന്ത്യൻ വംശജർ കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ മുൻനിരയിലാണെന്നും അവരെ പ്രശംസിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സാമൂഹികവും രാഷ്ട്രീയവുമായ നേതൃത്വത്തിന്റെ കാര്യത്തിൽ ഇന്ത്യൻ വംശജരായ നേതാക്കൾ അവരുടെ രാജ്യത്തെ വിശ്വസിക്കുന്നതായും പി.എം. കെയേഴ്‌സ് ഫണ്ടിലുള്ള അവരുടെ സംഭാവനകളെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഊർജസ്വലവും ശക്തവുമായ ജനാധിപത്യത്തെയും മോദി പ്രശംസിച്ചു. ‘‘ഇന്ത്യ സ്വതന്ത്രമാവുമ്പോൾ ദരിദ്രവും സാക്ഷരതയില്ലാത്തതുമായ രാജ്യം ശിഥിലമാവുമെന്നും ജനാധിപത്യം അസാധ്യമാവുമെന്നും എല്ലാവരും പറഞ്ഞിരുന്നു. എന്നാലിന്ന് ഊർജസ്വലവും ശക്തവുമായ ജനാധിപത്യം ലോകത്തെവിടെയെങ്കിലുമുണ്ടെങ്കിൽ അത് ഇന്ത്യയിലാണ്’’- മോദി പറഞ്ഞു.
ഔഷധ-വാസ്‌കിൻ നിർമാതാവെന്ന നിലയിലുള്ള രാജ്യത്തിന്റെ പ്രാധാന്യത്തെയും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
Content Highlights; Two Made-In-India Covid Vaccines Ready To Save Humanity: PM Modi