ശ്രീനഗർ: ജമ്മുകശ്മീർ പുൽവാമയിലെ പാംപോർ മേഖലയിൽ ഒരു കമാൻഡർ ഉൾപ്പെടെ രണ്ടു ലഷ്കറെ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. പൂഞ്ച് മേഖലയിൽ കഴിഞ്ഞദിവസമുണ്ടായ ശക്തമായ ഏറ്റുമുട്ടലിനിടെ കാണാതായ ജൂനിയർ കമ്മിഷൻഡ് ഓഫീസറുൾപ്പെടെ രണ്ടുസൈനികരുടെ മൃതദേഹം ശനിയാഴ്ച വൈകീട്ട്‌ കണ്ടെത്തി.

സൈന്യം തിരയുന്ന 10 ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട ലഷ്കർ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡെയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ഭഗതിൽ പോലീസുകാരായ മുഹമ്മദ് യൂസഫ്, സുഹൈൽ ആഹ് എന്നിവരെ വധിച്ച സംഭവത്തിൽ ഇയാൾക്ക് പങ്കുള്ളതായി ഐ.ജി. വിജയ് കുമാർ അറിയിച്ചു. കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ കശ്മീരിൽ സാധാരണക്കാർക്കുനേരെയുള്ള ഭീകരാക്രമണത്തിനുശേഷമുണ്ടായ സൈനികനടപടികളിൽ വധിക്കപ്പെടുന്ന ഭീകരരുടെ എണ്ണം 13 ആയതായി ഐ.ജി. പറഞ്ഞു.

പൂഞ്ചിലെ ഏറ്റുമുട്ടൽ കഴിഞ്ഞ് 48 മണിക്കൂറിനുശേഷമാണ് ശനിയാഴ്ച ഉൾക്കാട്ടിൽ രണ്ടുസൈനികരുടെ മൃതദേഹം കണ്ടെത്തിയത്. ജെ.സി.ഒ. അജയ് സിങ്, നായിക് ഹരേന്ദ്ര സിങ് എന്നിവരാണ് മരിച്ചത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെ തുടങ്ങിയ പട്ടാളനടപടികളിൽ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം ഒൻപതായി ഉയർന്നു. കശ്മീരിൽ സമീപകാലത്ത് സൈന്യത്തിനുണ്ടായ വലിയ നഷ്ടമാണിത്.

അതിനിടെ ശ്രീനഗറിലും പുൽവാമയിലുമായി ഇതരസംസ്ഥാനക്കാരായ രണ്ടുപേരെക്കൂടി ഭീകരർ വെടിവെച്ചു കൊന്നു. ബിഹാറുകാരനായ അരവിന്ദ് കുമാർ സാഹാണ് ശ്രീനഗറിൽ മരിച്ചത്. ഉത്തർപ്രദേശുകാരനായ മരപ്പണിക്കാരൻ സഖീർ അഹ്‍മ്മദ് പുൽവാമയിൽ വെടിയേറ്റുമരിച്ചു.

പൂഞ്ച് രജൗരി വനമേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നതായി സൈന്യം അറിയിച്ചു. കൊടുംകാടും മലകളുമുള്ള പ്രദേശത്ത് തിരച്ചിൽ ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും അധികൃതർ അറിയിച്ചു. ഉത്തരാഖണ്ഡ് സ്വദേശികളായ രണ്ട് ജവാൻമാർ കഴിഞ്ഞദിവസം ഇവിടെയുണ്ടായ ഏറ്റുമുട്ടലിലാണ് വീരമൃത്യുവരിച്ചത്. ഭീകരർ ഇവിടെ രണ്ടുമൂന്നുമാസമായി തമ്പടിച്ചിരുന്നതായാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.

കശ്മീരിൽ ഭീകരർ നാട്ടുകാരെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ചയുണ്ടായിട്ടില്ലെന്ന് ഐ.ജി. വിജയ് കുമാർ പറഞ്ഞു. ഏഴ് നാട്ടുകാരാണ് കഴിഞ്ഞയാഴ്ച താഴ്‌വരയിൽ കൊല്ലപ്പെട്ടത്. പോലീസ് സുരക്ഷ നൽകുന്നവരല്ല കൊല്ലപ്പെട്ടവരെന്നും അദ്ദേഹം പറഞ്ഞു. ‘‘സംഭവത്തിനുപിന്നിലെ അഞ്ചുഭീകരരെ സൈന്യം അപ്പോൾതന്നെ തിരിച്ചറിഞ്ഞു. രണ്ടുപേരെ വധിച്ചു. മൂന്നുപേരെ അടുത്തുതന്നെ പിടികൂടും’’ -അദ്ദേഹം പറഞ്ഞു.