ഗുവാഹാട്ടി: കഴിഞ്ഞദിവസം അസമിൽ കുടിയൊഴിപ്പിക്കലിനിടെ രണ്ടുപേർ മരിച്ചതിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ സംഘടനകൾ ദരാങ്ങിൽ ആഹ്വാനംചെയ്ത 12 മണിക്കൂർ ബന്ദ് പൂർണം. ന്യൂനപക്ഷ സംഘടനകളുടെ ഏകോപനസമിതിക്കു കീഴിൽ അസം ന്യൂനപക്ഷ വിദ്യാർഥി യൂണിയനും (എ.എ.എൻ.എസ്.യു.) ജംഇയ്യത്തുൽ ഉലമയും ആഹ്വാനംചെയ്ത ബന്ദിൽ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ജില്ലാ ആസ്ഥാനമായ മംഗൽദോയിയിലെ ദരാങ്ങിൽ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിന് മുന്നിൽനടന്ന പ്രതിഷേധത്തിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ, രാജ്യസഭാ എം.പി. റിപുൻ ബോറ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം (സി.ഐ.ഡി.) സംഭവം അന്വേഷിക്കുമെന്ന് സ്ഥലം സന്ദർശിച്ച ഡി.ജി.പി. ഭാസ്കർ ജ്യോതി മഹന്ത പറഞ്ഞു.

ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലെ ഫോട്ടോഗ്രാഫർ, സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചതായി പറയപ്പെടുന്ന ഒരു വ്യക്തിയെ ചവിട്ടുകയും തല്ലുകയും ചെയ്തതായി കണ്ടെത്തിയെന്നും അദ്ദേഹം സി.ഐ.ഡി.യുടെ കസ്റ്റഡിയിലാണെന്നും ഡി.ജി.പി. പറഞ്ഞു.

കുടിയൊഴിപ്പിക്കപ്പെട്ട ഭൂമി ഏറ്റെടുക്കേണ്ടത് സർക്കാരിന്റെ സാമൂഹിക കാർഷിക പദ്ധതിയുടെ ഭാഗമാണെന്ന് ബി.ജെ.പി. എം.എൽ.എ. പത്മ ഹസാരിക പറഞ്ഞു. ഡെപ്യൂട്ടി കമ്മിഷണറുമായി നടത്തിയ ചർച്ചയിൽ കൈയേറ്റക്കാർ പുനരധിവാസ പാക്കേജ് അംഗീകരിച്ചതാണ്. പോലീസിനെ പ്രകോപിച്ച് അക്രമണം ഉണ്ടാക്കിയത് ചില നിഷിപ്തതാത്‌പര്യക്കാരാണെന്നും അവർ ആരോപിച്ചു.

ദരാങ്ങ് ജില്ലാ ഭരണകൂടം കൈയേറ്റക്കാരിൽനിന്ന് ഇതുവരെ 602.4 ഹെക്ടർ ഭൂമി ഏറ്റെടുത്തു. തിങ്കളാഴ്ചമുതൽ 800 കുടുംബങ്ങളെ ഒഴിപ്പിച്ചു. സിപജ്ഹറിൽ നിർമിച്ച നാല് മതസ്ഥാപനങ്ങൾ പൊളിച്ചുമാറ്റി.