മുംബൈ: ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയവേ റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി ജയിലിൽ അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ രണ്ടു ജയിൽ ജീവനക്കാരെ സസ്പെൻഡുചെയ്തു. അലിബാഗിലെ താത്‌കാലിക ജയിലിലെ സുബേദാർമാരായ ആനന്ദ് ഭേരെക്കും സച്ചിൻ വാഡേക്കും എതിരേയാണ് നടപടിയെടുത്തതെന്ന് ജയിലധികൃതർ അറിയിച്ചു.
നവംബർ നാലിന് അറസ്റ്റിലായ അർണബിനെ കോവിഡിന്റെ പശ്ചാത്തലത്തിൽ അലിബാഗിലെ സ്കൂളിൽ സജ്ജമാക്കിയ താത്കാലിക ജയിലിലാണ് പാർപ്പിച്ചത്. അർണബിന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തിരുന്നെങ്കിലും തടങ്കലിൽ അദ്ദേഹം മറ്റാരുടെയോ ഫോണുപയോഗിച്ച് സാമൂഹികമാധ്യമങ്ങളിൽ ഇടപെട്ടതായി കണ്ടെത്തി. തുടർന്ന് അർണബിനെ നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
താത്കാലിക ജയിലിൽ ജോലിനോക്കിയിരുന്ന സച്ചിൻ വാഡേയും ആനന്ദ് ഭേരെയും തടവുകാർക്ക് മൊബൈൽ ഫോൺ നൽകിയിരുന്നതായി കണ്ടതിനെത്തുടർന്നാണ് സസ്പെൻഷൻ. ഇവരിൽ ഒരാളുടെ ഫോണാണ് അർണബ് ഉപയോഗിച്ചതെന്നു കരുതുന്നു.
Content Highlights:two jail staff suspended for allowing Arnab to use phone