ന്യൂഡൽഹി: ട്വിറ്റർ ഇന്ത്യയിൽ അടുത്തിടെ നിയമിച്ച ഇടക്കാല പരാതിപരിഹാര ഉദ്യോഗസ്ഥൻ ധർമേന്ദ്ര ചാതുർ രാജിവെച്ചു. പുതിയ ഐ.ടി. ചട്ടങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിൽ പോരാട്ടം തുടരുന്ന ഘട്ടത്തിലാണ് രാജി. രാജ്യത്തിന്റെ പുതിയ ഐ.ടി. ചട്ടം പാലിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ശക്തമായി രംഗത്തെത്തിയിരുന്നു. എന്നാൽ, രാജിക്കാര്യം സംബന്ധിച്ച് ട്വിറ്റർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഉപഭോക്താക്കളിൽനിന്നും മറ്റും ലഭിക്കുന്ന പരാതികൾ പരിഹരിക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് പ്രത്യേകസംവിധാനം വേണമെന്ന് മേയ് 25 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ഐ.ടി. ചട്ടം അനുശാസിച്ചിരുന്നു. 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള സോഷ്യൽ മീഡിയ കമ്പനികൾ അതിനായി ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും നിർദേശമുണ്ടായിരുന്നു.

ഇതനുസരിച്ച് വലിയ സാമൂഹിക മാധ്യമ കമ്പനികൾ ചീഫ് കംപ്ലയിൻസ് ഓഫീസർ, നോഡൽ കോൺടാക്ട്‌ പേഴ്സൺ, റെസിഡന്റ് ഗ്രീവൻസ് ഓഫീസർ എന്നിവരെ നിയമിക്കാൻ നിർബന്ധിതരായി. ഇതേത്തുടർന്നാണ്‌ ട്വിറ്റർ ചാതുറിനെ നിയമിച്ചത്. ഈ ഉദ്യോഗസ്ഥർ ഇന്ത്യയിൽ താമസിക്കുന്നവരാകണമെന്നും പുതിയ നിയമത്തിൽ ആവശ്യപ്പെട്ടിരുന്നു.

content highlights: twitter's grievence officer resigns