ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾക്കു വിധേയമായി പ്രവർത്തിക്കണമെന്ന് ട്വിറ്ററിനോട് ഐ.ടി. പാർലമെന്ററികാര്യ സമിതി. എന്തുകൊണ്ടാണ് മുഖ്യ പരാതിപരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാത്തതെന്ന് ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സമിതി ട്വിറ്ററിനോട് ആരാഞ്ഞു.

മേയ് 26-നു പ്രാബല്യത്തിൽവന്ന ഡിജിറ്റൽ ചട്ടം ട്വിറ്റർ പാലിക്കാത്തതിനെത്തുടർന്ന് കമ്പനിയുടെ ഇന്ത്യൻ പ്രതിനിധിയെ പാർലമെന്ററി സമിതി വിളിച്ചുവരുത്തുകയായിരുന്നു. ട്വിറ്റർ ഇന്ത്യയുടെ പബ്ലിക് പോളിസി മാനേജർ ഷഗുഫ്ത കമ്രാൻ, ലീഗൽ കോൺസൽ അത്ശുഷി കപൂർ എന്നിവരാണ് ഹാജരായത്. കമ്പനിയിൽ അവരുടെ ഉത്തരവാദിത്വമെന്തെന്നും നയപരമായ തീരുമാനങ്ങളെടുക്കുന്നതിൽ എന്താണ് അവർക്കുള്ള അധികാരങ്ങളെന്നും രേഖാമൂലം നൽകാൻ സമിതി നിർദേശിച്ചു.

പല ചോദ്യങ്ങളോടും അവ്യക്തമായും ഒഴിഞ്ഞുമാറുന്ന നിലയിലുമാണ് പ്രതിനിധികൾ പ്രതികരിച്ചതെന്ന് പാർലമെന്ററി സമിതി വൃത്തങ്ങൾ പറഞ്ഞു. വിവാദ ഉള്ളടക്കങ്ങളിൽ നടപടിയെടുത്തതിനെക്കുറിച്ച് സമിതി ചോദിച്ചു. തങ്ങൾക്കു തോന്നുന്ന ആരോഗ്യകരമായ ട്വീറ്റുകളെ പ്രോത്സാഹിപ്പിക്കുമെന്നും അല്ലാത്തവ നിരുത്സാഹപ്പെടുത്തുമെന്നും ട്വിറ്റർ പ്രതിനിധികൾ സമ്മതിച്ചു. ഐ.ടി. നിയമം ട്വിറ്റർ ലംഘിച്ചെന്ന് ഒരു എം.പി. പ്രതിനിധികളെ അറിയിക്കുകയുംചെയ്തു.

അതേസമയം, സർക്കാരുമായി സഹകരിച്ചുള്ള പ്രവർത്തനവും ജനങ്ങളുടെ പൊതു ആശയവിനിമയം സംരക്ഷിക്കാനുള്ള പ്രതിബദ്ധതയും തുടരുമെന്ന് ട്വിറ്റർ വക്താവ് പ്രസ്താവിച്ചു. ചട്ടം പാലിക്കാൻ ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും ബോധപൂർവം ധിക്കരിക്കുകയാണ് ട്വിറ്റർ ചെയ്തതെന്ന് കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.

Content Highlights; Twitter Parliamentary committee