ന്യൂഡൽഹി: ഐ.ടി. ചട്ടങ്ങൾ പാലിക്കാത്തതിന് കേന്ദ്രസർക്കാരുമായി പോരാട്ടം തുടരുന്ന ട്വിറ്ററിന്റെ വെബ്സൈറ്റിൽ നൽകിയ ഇന്ത്യയുടെ ഭൂപടത്തിൽ ജമ്മുകശ്മീരും ലഡാക്കും വേറെ രാജ്യം. വെബ്സൈറ്റിലെ കരിയർ സെക്‌ഷനിൽ ‘ട്വീപ് ലൈഫ്’ എന്ന തലക്കെട്ടിനുതാഴെയാണ് വികലമായ ഭൂപടം നൽകിയിരിക്കുന്നത്. വിഷയത്തിൽ ട്വിറ്ററിനെതിരേ നടപടിയെടുക്കണമെന്ന ആവശ്യമുയർന്നു. എന്നാൽ, ഈ സംഭവമന്വേഷിച്ചുള്ള ഇ-മെയിലിന് ട്വിറ്റർ മറുപടി നൽകിയില്ലെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ. പറഞ്ഞു.

കരിയർ സെക്‌ഷനിൽ നൽകിയിരിക്കുന്ന ആഗോളഭൂപടത്തിലാണ് ജമ്മുകശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയുടെ ഭാഗമല്ലാതായി കാണിച്ചിരിക്കുന്നത്.

മുമ്പും ഇന്ത്യയുടെ ഭൂപടം ട്വിറ്റർ തെറ്റായി നൽകിയിട്ടുണ്ട്. കഴിഞ്ഞകൊല്ലം ഒക്ടോബറിൽ ലേയെ ചൈനയുടെ ഭാഗമായി കാണിച്ചിരുന്നു. കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്റെ ഭാഗമായ ലേയെ നവംബറിൽ ജമ്മുകശ്മീരിന്റേതായും കാണിച്ചു. ഇതിന്റെ േപരിൽ കേന്ദ്രസർക്കാർ ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അപമാനിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കില്ലെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

content highlights: twitter india incorrect map