ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മുസ്‌ലിം വയോധികന് മർദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്റർ ഇന്ത്യ തലവൻ മനീഷ് മഹേശ്വരിയുടെ അറസ്റ്റ് തടഞ്ഞ കർണാടക ഹൈക്കോടതിയുടെ നടപടിക്കെതിരേ യു.പി. പോലീസ് സുപ്രീംകോടതിയെ സമീപിച്ചു. ചോദ്യംചെയ്യലിനായി ഗാസിയാബാദിലേക്ക് പോകേണ്ടതില്ലെന്നും ഓൺലൈനായി ഹാജരായാൽ മതിയെന്നും വ്യക്തമാക്കി കഴിഞ്ഞയാഴ്ചയാണ് കർണാടക ഹൈക്കോടതി മനീഷിന് ഇടക്കാല സംരക്ഷണം നൽകിയത്. യു.പി. പോലീസിന്റെ അപ്പീലിൽ നടപടിയെടുക്കുന്നതിനുമുന്പായി തൻറെ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ട് മനീഷും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

കലാപമുണ്ടാക്കാനും രാജ്യത്ത് സ്പർധ വളർത്താനും ശ്രമിച്ചു, ക്രിമിനൽ ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളാണ് ബെംഗളൂരുവിൽ താമസിക്കുന്ന മനീഷിനുമേൽ യു.പി. പോലീസ് ചുമത്തിയിരിക്കുന്നത്. അബ്ദുൾ സമദ് എന്നുപേരുള്ള വയോധികനെ ആക്രമിക്കുന്നതിന്റെയും ജയ്ശ്രീറാം വിളിപ്പിക്കുന്നതിന്റെയും വീഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോ പങ്കുവെച്ച കോൺഗ്രസ് നേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ പേരിലും കേസുണ്ട്.

അതിനിടെ, മനീഷ് മഹേശ്വരി കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് ജൂലായ് അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. ഉത്തർപ്രദേശ് പോലീസിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ജസ്റ്റിസ് ജി. നരേന്ദ്രൻ അംഗമായ ബെഞ്ചിന്റെ നടപടി.

ഇന്ത്യയുടെ വികലമായ ഭൂപടം പ്രസിദ്ധീകരിച്ചതിന് മറ്റൊരുകേസും മനീഷ് നേരിടുന്നുണ്ട്. പോസ്കോ, ഐ.ടി. വകുപ്പുകൾ ചുമത്തി ഡൽഹി പോലീസിലെ സൈബർ സെല്ലും ട്വിറ്ററിനെതിരേ കഴിഞ്ഞദിവസം കേസെടുത്തിരുന്നു.

content highlights: twitter india chief's arrest prevented: up police approaches sc