ബെംഗളൂരു: ഗാസിയാബാദ് ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ച കേസുമായി ബന്ധപ്പെട്ട് ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയറക്ടർ മനീഷ് മഹേശ്വരി കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് ജൂലായ് അഞ്ചിലേക്ക് മാറ്റി. ഉത്തർപ്രദേശ് പോലീസിനുവേണ്ടി ഹാജരായ അഭിഭാഷകൻ കേസിൽ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതംഗീകരിച്ചാണ് ജസ്റ്റിസ് ജി. നരേന്ദ്രൻ അംഗമായ ബെഞ്ച് കേസ് മാറ്റിവെച്ചത്.

ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ മനീഷ് മഹേശ്വരിയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഗാസിയാബാദ് ലോനി ബോർഡർ പോലീസ് നൽകിയ നോട്ടീസിനെ ചോദ്യംചെയ്താണ് ഹർജി നൽകിയത്. ബെംഗളൂരുവിലുള്ള അദ്ദേഹം പോലീസിൽ നേരിട്ട്‌ ഹാജരാകാൻ പ്രയാസമുണ്ടെന്നും വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ തയ്യാറാണെന്നും അറിയിച്ചെങ്കിലും പോലീസ് അതിന് അനുവാദം നൽകിയില്ല. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ 24-ന് ഹർജി പരിഗണിച്ച കോടതി മനീഷിനെതിരേ നടപടിയെടുക്കുന്നതിൽനിന്ന് ഗാസിയാബാദ് പോലീസിനെ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.ഗാസിയാബാദിൽ അബ്ദുൾ ശമദ് സൈഫി എന്നയാളെ ഏതാനും യുവാക്കൾചേർന്ന് ആക്രമിക്കുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പ്രചരിച്ചതിൽ ഗാസിയാബാദ് പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് മനീഷ് മഹേശ്വരിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. വീഡിയോ പ്രചരിച്ചത് സമൂഹത്തിൽ സ്പർധയുണ്ടാകാനിടയാക്കിയെന്നാണ് പോലീസിന്റെ ആരോപണം.