ന്യൂഡൽഹി: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് രാജ്യത്തെ പുതിയ ഐ.ടി. നിയമങ്ങൾ പാലിക്കാൻ അവസാനമായി ഒരവസരം കൂടി നൽകി കേന്ദ്രസർക്കാർ. അതു പാലിച്ചില്ലെങ്കിൽ ഐ.ടി. നിയമപ്രകാരമുള്ള പ്രത്യാഘാതവും മറ്റു നിയമനടപടികളും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി. നിയമങ്ങൾ പാലിക്കുന്നതിന് നിശ്ചിത സമയപരിധി നിർദേശിച്ചിട്ടില്ല.

ഇന്ത്യ ആസ്ഥാനമായി ഓഫീസർമാരെ നിയമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പാലിച്ചില്ലെങ്കിൽ, ബാധ്യതകളിൽനിന്നൊഴിയാൻ പുതിയ നിയമപ്രകാരമുള്ള അവസരം ഇല്ലാതാകുമെന്ന് ശനിയാഴ്ച ഐ.ടി. മന്ത്രാലയം ട്വിറ്ററിനെ അറിയിച്ചു.

നിയമം അനുസരിക്കില്ലെന്ന ട്വിറ്ററിന്റെ നിലപാട്, അതുപയോഗിക്കുന്ന ഇന്ത്യക്കാർക്ക് സുരക്ഷിതമായ അനുഭവം നൽകാനുള്ള ശ്രമവും പ്രതിജ്ഞാബദ്ധതയും കമ്പനിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്. പത്തുകൊല്ലത്തിലേറെയായി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടെ അതുപോയോഗിക്കുന്നവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഇന്ത്യ ആസ്ഥാനമായുള്ള സംവിധാനത്തിലൂടെ സമയബദ്ധവും സുതാര്യവുമായി നീതിപൂർവമായ പ്രക്രിയയിലൂടെ പരിഹരിക്കുന്നതിന് ട്വിറ്റർ വിസമ്മതിക്കുകയാണെന്നും ഐ.ടി. മന്ത്രാലയം പറഞ്ഞു.

സാമൂഹികമാധ്യങ്ങൾ ഇന്ത്യയിൽ പരാതിപരിഹാര ഓഫീസർ, കംപ്ലയൻസ് ഓഫീസർ, നോഡൽ ഓഫീസർ എന്നിവരെ മേയ് 26-ഓടെ നിയമിക്കണമെന്ന് ഫെബ്രുവരിയിൽ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിൽ ഐ.ടി. മന്ത്രാലയം നിർദേശിച്ചിരുന്നു. പുതിയ നിയമങ്ങൾ മേയ് 26-ന് പ്രാബല്യത്തിലായി.