ന്യൂഡൽഹി: പുതിയ ഐ.ടി. ചട്ടം പാലിക്കുന്നതിൽ ട്വിറ്റർ വീഴ്ചവരുത്തിയെന്ന് കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ പറഞ്ഞു. രാജ്യത്തെ നിയമം പാലിക്കാൻ ട്വിറ്ററിന് ബാധ്യതയുണ്ട്. അല്ലാത്തപക്ഷം ഐ.ടി. നിയമപ്രകാരമുള്ള സംരക്ഷണം യു.എസ്. കമ്പനിയായ ട്വിറ്റിന് നഷ്ടപ്പെടുമെന്നും സർക്കാർ വ്യക്തമാക്കി.

ട്വിറ്റർ ഐ.ടി. ചട്ടം പാലിച്ചില്ലെന്നുകാട്ടി അഡ്വ. അമിത് ആചാര്യ നൽകിയ ഹർജിയിലാണ് സർക്കാർ മറുപടി നൽകിയത്. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും.

ചട്ടം പാലിക്കാൻ മൂന്നുമാസം നൽകിയിട്ടും ട്വിറ്റർ അതിന് തയ്യാറായില്ല. ഇടക്കാല റെസിഡന്റ് ഗ്രീവൻസ് ഓഫീസറെയും ഇടക്കാല നോഡൽ കോൺടാക്ട് പേഴ്‌സണെയും ട്വിറ്റർ നിയമിച്ചെങ്കിലും അവർ പിന്നീട് രാജിവെച്ചു. ചീഫ് കംപ്ലയൻസ് ഓഫീസറെയും നിയമിച്ചിട്ടില്ല. ഇതെല്ലാം ചട്ടത്തിൽ പറയുന്ന കാര്യങ്ങളാണെന്നും സർക്കാർ അറിയിച്ചു.