ന്യൂഡൽഹി: ഐ.ടി. നിയമങ്ങൾ പാലിക്കാതെ കേന്ദ്രസർക്കാരുമായി കൊമ്പുകോർക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള ആർ.എസ്.എസ്. നേതാക്കളുടെയും വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ടിക് ട്വിറ്റർ ശനിയാഴ്ച നീക്കി. ആറുമാസമായി അപൂർണമോ നിഷ്‌ക്രിയമോ ആയിരിക്കുന്ന അക്കൗണ്ടുകളിലെ ബ്ലൂ ടിക് സ്വാഭാവികമായി നീക്കം ചെയ്യപ്പെടുമെന്നും അതാണ് കമ്പനിയുടെ നയമെന്നും ട്വിറ്റർ വിശദീകരിച്ചു.

@MVenkaiahNaidu എന്ന അക്കൗണ്ടിലെ ബ്ലൂ ബാഡ്ജ് അപ്രത്യക്ഷമായത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഉപരാഷ്ട്രപതിയുടെ ഓഫീസ് ട്വിറ്ററുമായി ബന്ധപ്പെട്ടു. ഇതോടെ രാവിലെ 10.30-നു മുമ്പുതന്നെ ഇതു പുനഃസ്ഥാപിച്ചു. പ്രമുഖ വ്യക്തികളുടെ ആധികാരികവും ശ്രദ്ധേയവും സക്രിയവുമായ അക്കൗണ്ടുകൾക്കാണ് സമൂഹികമാധ്യമങ്ങൾ ബ്ലൂ ബാഡ്ജ് നൽകുന്നത്. വെങ്കയ്യയുടെ വ്യക്തിഗത അക്കൗണ്ട് കഴിഞ്ഞവർഷം ജൂലായ് 23 മുതൽ നിർജീവമായിരുന്നു. ഇതാണ് ബ്ലൂ ടിക് നീങ്ങാനിടയാക്കിയതെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് വ്യക്തമാക്കി. ഉപരാഷ്ട്രപതി വിവരങ്ങളെല്ലാം ഔദ്യോഗിക അക്കൗണ്ടിലൂടെയാണിപ്പോൾ ട്വീറ്റ് ചെയ്യുന്നത്.

മോഹൻ ഭാഗവതിന്റെ അക്കൗണ്ടിലേയും ബ്ലൂ ടിക് പുനഃസ്ഥാപിച്ചു. ആർ.എസ്.എസ്. നേതാക്കളായ ഗോപാൽ കൃഷ്ണ, അരുൺ കുമാർ, മുൻ ഭാരവാഹികളായ സുരേഷ് സോണി, സുരേഷ് ഭയ്യാജി ജോഷി എന്നിവരുടെ ബ്ലൂ ബാഡ്ജുകളും ട്വിറ്റർ നീക്കിയിരുന്നു.