ന്യൂഡൽഹി: പുതിയ ഐ.ടി. ചട്ടം പാലിച്ചില്ലെങ്കിൽ ട്വിറ്റിന് നിയമസംരക്ഷണമുണ്ടാകില്ലെന്ന് ആവർത്തിച്ച് ഡൽഹി ഹൈക്കോടതി. ചട്ടം പാലിക്കുന്നത് സംബന്ധിച്ച് യു.എസിൽ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാനും ജസ്റ്റിസ് രേഖാ പള്ളി ട്വിറ്ററിനോട് ആവശ്യപ്പെട്ടു. റെസിഡന്റ് ഗ്രീവൻസ് ഓഫീസറെ (ആർ.ജി.ഒ.) നിയമിക്കാൻ ട്വിറ്റർ എട്ടാഴ്ചകൂടി സമയം ചോദിച്ചെങ്കിലും കോടതി അനുമതി നൽകിയില്ല. ചട്ടം പാലിച്ചില്ലെങ്കിൽ കേന്ദ്രത്തിന് നടപടിയെടുക്കാമെന്ന്‌ വ്യക്തമാക്കിയ കോടതി കേസ് ജൂലായ് 28-ലേക്ക് മാറ്റി.

സത്യവാങ്മൂലത്തിന്റെ സ്കാൻ ചെയ്ത പകർപ്പ് ഈമാസം 13-ന് സമർപ്പിക്കാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. യു.എസിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പിന് സമയമെടുക്കുമെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്ന് അതിന് രണ്ടാഴ്ച സമയം നൽകുകയായിരുന്നു.