അഹമ്മദാബാദ്: നഗരത്തിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഞ്ചരിക്കുന്ന വഴിയരികിലെ ചേരിക്ക് മുന്നിൽ നഗരസഭ ഏഴടി ഉയരമുള്ള മതിൽ പണിയുന്നു. ചേരികളുടെ വൃത്തികെട്ട കാഴ്ച മറച്ചുവെക്കാനാണ് ശ്രമമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
വിമാനത്താവളത്തിൽനിന്ന് ഇന്ദിരാബ്രിഡ്ജിലേക്കുള്ള റോഡരികിൽ താഴ്ന്നവരുമാനക്കാരുടെ അഞ്ഞൂറോളം കുടിലുകളും ചെറുവീടുകളുമുള്ള ‘സരണിയാവാസ്’ എന്ന ചേരിക്കു മുന്നിലാണ് രണ്ടുദിവസമായി മതിലിന്റെ പണി നടക്കുന്നത്. 600 മീറ്റർ നീളത്തിലും ഏഴടി ഉയരത്തിലും പണി പൂർത്തിയായാൽ റോഡിൽനിന്ന് ചേരി കാണാനാവില്ല. മതിലിന് മുന്നിൽ വളർച്ചയെത്തിയ ഈന്തപ്പനകളും നട്ടുപിടിപ്പിച്ച് സ്വാഭാവികത വരുത്തും. 2500-ഓളം ആളുകളാണ് ഈ ചേരിയിൽ വർഷങ്ങളായി താമസിക്കുന്നത്.
സുരക്ഷ മുൻനിർത്തിയാണ് മതിൽ പണിയുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ, “ഞാൻ കണ്ടിട്ടില്ല, അറിയുകയുമില്ല” എന്നാണ് മേയർ ബിജൽ പട്ടേൽ മാധ്യമങ്ങളോട് ഇതേക്കുറിച്ച് പ്രതികരിച്ചത്. പക്ഷേ, ചേരിവാസികളിൽ ചിലർ അവഹേളനത്തിൽ പ്രതിഷേധിച്ചു. “പാവങ്ങളെ പറ്റിക്കാൻ നികുതിപ്പണം കളയുകയാണ്. ഈ ദാരിദ്ര്യം എന്നും ഉള്ളതാണ്. സർക്കാർ അതൊക്കെ ഒളിപ്പിച്ചുവെക്കുകയാണ്” -കൂലിപ്പണിക്കാരനായ പർവത് ഭായ് മംഗൾഭായ് കുറ്റപ്പെടുത്തി.
നൂറ്റമ്പതോളം പേരാണ് രാവും പകലുമായി മതിൽ പണിഞ്ഞുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി 24-ന് നഗരത്തിലെത്തുന്ന ട്രംപും മോദിയും വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോ നടത്തിയാണ് പുതിയ സ്റ്റേഡിയത്തിലേക്കും സാബർമതി ആശ്രമത്തിലേക്കും പോവുക. ‘സന്ദർശനത്തിനായി ആവേശപൂർവം കാത്തിരിക്കുന്നു’വെന്ന് ട്രംപിന്റെ ഭാര്യ മെലനിയ വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു. കാഴ്ചക്കാരെ നിറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിൽനിന്ന് കുട്ടികളെയും അധ്യാപകരെയും എത്തിക്കാൻ വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടു.
ചേരിക്കുമുന്നിൽ മതിൽ പണിയുന്നതിനെ എ.ഐ.സി.സി. വക്താവ് രൺദീപ് സുർജേവാല വിമർശിച്ചു. “ഇതാണ് സാഹബിന്റെ ഗുജറാത്ത് മാതൃക. ഡെവലപ്‌മെന്റിന്റെപേരിൽ കവർ അപ്(മൂടി വെക്കൽ). പരാജയം മൂടിവെച്ചാണ് ഇവർ ഇവിടെയെത്തിയത്...” -അദ്ദേഹം പരിഹസിച്ചു. എന്നാൽ, അഹമ്മദാബാദിൽ ഇത് ആദ്യത്തെ നടപടിയല്ല. വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിന് വിദേശ അതിഥികൾ വരുന്ന വഴിയരികിൽ മതിലുയർത്തിയിരുന്നു. അതിന് സമയം കിട്ടാത്തതിനാൽ കഴിഞ്ഞ വർഷം ആൾമറ കെട്ടിയിരുന്നു.
Content Highlights: Trump's visit; Building a wall in Ahmedabad to hide slums