ന്യൂഡൽഹി: രാജ്യത്ത് റോഡപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീർഘദൂര ലോറികളിൽ ഡ്രൈവർമാരുടെ ഉറക്കം അളക്കുന്ന ഉപകരണം( ഓൺ-ബോർഡ് സ്ലീപ്പ് ഡിറ്റക്ഷൻ സെൻസറുകൾ) ഘടിപ്പിക്കണമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.

ദേശീയ റോഡ് സുരക്ഷാ കൗൺസിലിലേക്ക് (എൻ.ആർ.എസ്‌.സി.) നാമനിർദേശം ചെയ്യപ്പെട്ട പുതിയ അംഗങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘദൂര ലോറിഡ്രൈവർമാർക്കും പൈലറ്റുമാർക്ക് സമാനമായ ജോലിസമയം ക്രമീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാണിജ്യ വാഹനങ്ങളിൽ ഓൺ-ബോർഡ് സ്ലീപ്പ് ഡിറ്റക്ഷൻ സെൻസറുകൾ യൂറോപ്യൻ മാനദണ്ഡങ്ങൾക്കനുസൃതമായി പരിഷ്കരിച്ച് ഉത്തരവിറക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്തു. കേന്ദ്ര ഗതാഗത, ഹൈവേ സഹമന്ത്രി ജനറൽ വി.കെ. സിങ്ങും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.