അഗർത്തല: ഈ മാസം 30-നു നടക്കുന്ന ത്രിപുര ഗ്രാമപ്പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ 96 ശതമാനം സീറ്റുകളിലും ബി.ജെ.പിക്ക് എതിരില്ല. 18 ജില്ലാ പരിഷത്തുകളിലും ബി.ജെ.പി. നേട്ടമുണ്ടാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

സംസ്ഥാനത്ത് ബി.ജെ.പി. സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ ഇടതുപാർട്ടിയിൽ നിന്നുള്ളവർ കൂട്ടമായി രാജിവെച്ചതോടെ 3,386 സീറ്റുകളിലേക്കാണ് (3,207 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളിലേക്കും 161 പഞ്ചായത്ത് സമിതികളിലേക്കും 18 ജില്ലാ പരിഷത്തുകളിലേക്കും) ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിൽ 3,075 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളിലും 154 പഞ്ചായത്ത് സമിതികളിലും 18 ജില്ലാ പരിഷത്തുകളിലും ബി.ജ.പി. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 132 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളിലേക്കും ഏഴു പഞ്ചായത്ത് സമിതികളിലേക്കുമായിരിക്കും 30-ന് തിരഞ്ഞെടുപ്പ് നടക്കുക.