അഗര്‍ത്തല: ത്രിപുരയില്‍ ഗോത്രവര്‍ഗ എം.എല്‍.എ.മാരില്‍നിന്നാകണം മുഖ്യമന്ത്രിയെന്ന് ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി.) പ്രസിഡന്റ് എന്‍.സി. ദേബ് ബര്‍മ. തങ്ങളുടെ സംസ്ഥാനാധ്യക്ഷനായ ബിപ്ലബ് കുമാര്‍ ദേവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ ബി.ജെ.പി. നടത്തുന്നതിനിടെയാണ് ബര്‍മ നിലപാട് വ്യക്തമാക്കിയത്.

മന്ത്രിസഭയില്‍ ഐ.പി.എഫ്.ടി.ക്ക് വ്യക്തമായ പ്രാതിനിധ്യം വേണമെന്നും ദേബ് ബര്‍മ ആവശ്യപ്പെട്ടു. ഗോത്രവര്‍ഗത്തില്‍നിന്ന് ഒരാളെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാല്‍ അവരോട് കാണിക്കുന്ന നീതിയാകും അതെന്ന് അദ്ദേഹം പറഞ്ഞു.

മത്സരിച്ച ഒമ്പത് സീറ്റുകളില്‍ എട്ടിലും ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐ.പി.എഫ്.ടി. വിജയം കണ്ടിരുന്നു. ഗോത്രവര്‍ഗക്കാര്‍ക്കുവേണ്ടി സംവരണം ചെയ്ത 20 സീറ്റുകളില്‍ 17 എണ്ണത്തിലും വിജയം നേടിയത് ബി.ജെ.പി.-ഐ.പി.എഫ്.ടി. സഖ്യമാണ്. ഗോത്രവര്‍ഗ മുഖ്യമന്ത്രിയുണ്ടായില്ലെങ്കില്‍ എന്തുസംഭവിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി- 'ഞാന്‍ പറഞ്ഞത് പാരമ്പര്യത്തെക്കുറിച്ചാണ്. ഇവിടെ സമ്മര്‍ദമില്ല.'