ന്യൂഡല്‍ഹി: ഒരുമിച്ച് മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന മുത്തലാഖ് സുപ്രീംകോടതി നിരോധിച്ചു. മുത്തലാഖ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും അഞ്ചംഗ ഭരണഘടനാബെഞ്ച് ഭൂരിപക്ഷവിധിയിലൂടെ പ്രഖ്യാപിച്ചു. ഖുര്‍ആന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണ് മുത്തലാഖെന്ന് !ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ ഭൂരിപക്ഷവിധിയില്‍ അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ബെഞ്ചില്‍ അദ്ദേഹവും ജസ്റ്റിസ് എസ്. അബ്ദുള്‍ നസീറും ഭൂരിപക്ഷവിധിയോട് വിയോജിച്ചു. മുത്തലാഖ് പ്രകാരമുള്ള വിവാഹമോചനങ്ങള്‍ ആറുമാസത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്നും അതിനകം കേന്ദ്രം വിവാഹമോചനത്തിന് പുതിയ നിയമമുണ്ടാക്കണമെന്നുമായിരുന്നു ഇവരുടെ വിധി. ബെഞ്ചിലെ മൂന്ന് ജഡ്!ജിമാരുടെ ഭൂരിപക്ഷവിധിയാണ് നടപ്പാവുക. ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്. ആര്‍.എഫ്. നരിമാന്‍, യു.യു. ലളിത് എന്നിവരാണ് ഈ വിധിയെഴുതിയത്.

ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി എന്നിങ്ങനെ അഞ്ച് സമുദായത്തില്‍പ്പെട്ട ജഡ്ജിമാരാണ് പ്രത്യേക ബെഞ്ചില്‍ ഉണ്ടായിരുന്നത്. 395 പേജ് വരുന്നതാണ് വിധിന്യായം. ശായറാ ബാനോ അടക്കം മുത്തലാഖിലൂടെ വിവാഹമോചിതരായ അഞ്ച് മുസ്ലിം സ്ത്രീകളുടേതുള്‍പ്പെടെ ഏഴ് ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. ഫോണില്‍ വിളിച്ചും സന്ദേശമയച്ചുമൊക്കെ ഒറ്റയടിക്ക് മൂന്ന് തലാഖുംചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ചോദ്യംചെയ്താണ് ഇവര്‍ കോടതിയെ സമീപിച്ചത്.

വിധിയെ കേന്ദ്രസര്‍ക്കാരും പ്രധാന രാഷ്ട്രീയപാര്‍ട്ടികളും സ്വാഗതംചെയ്തു. എന്നാല്‍, മുസ്ലിം വ്യക്തിനിയമബോര്‍ഡടക്കമുള്ള സംഘടനകള്‍ കരുതലോടെയാണ് പ്രതികരിച്ചത്. വിധി 'വലിയ വിജയവും ആശ്വാസവു'മാണെന്ന് അഖിലേന്ത്യ മുസ്ലിം വനിതാ വ്യക്തിനിയമബോര്‍ഡ് പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തില്‍ മുത്തലാഖിലൂടെയുള്ള വിവാഹമോചനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

മുസ്ലിങ്ങളുടെ വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട് നിയമം കൊണ്ടുവരുമെന്ന് കേന്ദ്രം നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. വ്യക്തിനിയമങ്ങള്‍ ഭരണഘടനയ്ക്ക് വിരുദ്ധമാകരുത്. മുത്തലാഖ് എന്നത് ഇസ്ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും ഇത് ഭൂരിപക്ഷ- ന്യൂനപക്ഷ സമുദായങ്ങള്‍ തമ്മിലുള്ള വിഷയമല്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ഭൂരിപക്ഷ വിധി

*മുത്തലാഖ് ഉള്‍പ്പെടെ ഖുര്‍ആന്റെ അടിസ്ഥാനതത്ത്വങ്ങള്‍ക്കെതിരായി മുസ്!ലിങ്ങള്‍ക്കിടയിലുള്ള ആചാരങ്ങളൊന്നും സ്വീകാര്യമല്ല. മുത്തലാഖിലൂടെ വിവാഹമോചനം നടത്തുന്നത് പ്രത്യക്ഷത്തില്‍ത്തന്നെ ഏകപക്ഷീയമാണ്. അതുകൊണ്ടുതന്നെ ഇത് നിര്‍ത്തലാക്കണം.

*പാകിസ്താനടക്കമുള്ള മുസ്ലിം രാജ്യങ്ങളില്‍പോലും മുത്തലാഖ് അനുവദിക്കുന്നില്ല.

ന്യൂനപക്ഷ വിധി

*മുത്തലാഖ് സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് പുതിയ നിയമമുണ്ടാക്കാന്‍ കേന്ദ്രത്തെ സഹായിക്കാന്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാകണം.

*നിയമമുണ്ടാക്കുമ്പോള്‍ ശരീയത്ത് നിയമങ്ങളും മുസ്ലിം സംഘടനകളുടെ ആശങ്കയും കണക്കിലെടുക്കണം.

* ആറ് മാസത്തിനകം നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെങ്കില്‍ മുത്തലാഖിനുള്ള നിരോധനം തുടരും.