ന്യൂഡൽഹി: പശ്ചിമബംഗാളിലും മഹാരാഷ്ട്രയിലും ഡൽഹിയിലും റിപ്പോർട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച മൂന്നാം കോവിഡ് വകഭേദം കൂടുതൽ മാരകമെന്ന് ശാസ്ത്രജ്ഞർ. ‘ബംഗാൾ വകഭേദം’ എന്നു പേരുനൽകിയ ഈ ഇനത്തിലെ ഇ484കെ പ്രോട്ടീനിനു സംഭവിച്ച മാറ്റം ഈ വൈറസിനെതിരേ വാക്സിൻ ഫലപ്രദമാകുമോ എന്ന ആശങ്കയ്ക്ക്‌ ഇടയാക്കിയിട്ടുണ്ട്.

പ്രതിരോധസംവിധാനത്തെ തകർക്കാനുള്ള പ്രാപ്തി ഇ484കെ പ്രോട്ടീനിന് ഉള്ളതിനാലാണ് ഇവയ്ക്കെതിരേ വാക്സിൻ ഫലപ്രദമാകുമോ എന്ന സംശയത്തിന് അടിസ്ഥാനമെന്ന് ഡൽഹിയിലെ സി.എസ്.ഐ.ആറിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ഗവേഷകൻ വിനോദ് സ്കറിയ പറഞ്ഞു.

കോവിഡ് വൈറസിന്റെ മുള്ളുപോലുള്ള പ്രോട്ടീനിൽ എച്ച് 146, വൈ 145 സ്ഥാനങ്ങളിൽ വിട്ടുപോകൽ (ഡിലീഷൻ) ഉണ്ടാവുകയും ഇ484കെ, ഡി614ജി പ്രോട്ടീനുകൾക്ക് മാറ്റം സംഭവിച്ചുമാണ് പുതിയ ബംഗാൾ വകഭേദം രൂപപ്പെട്ടത്. സാർസ് കോവി-2 വൈറസിന്റെ രണ്ടാം തലമുറയിൽപ്പെട്ടതാണ് മൂന്നാം വകഭേദം (ബി.1.618). മാർച്ച് 17-നാണ് ഇന്ത്യയിൽ ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. അമേരിക്ക, ഫിൻലൻഡ്, സ്വിറ്റ്സർലൻഡ്, സിങ്കപ്പൂർ രാജ്യങ്ങളിലും ഈ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.