ന്യൂഡൽഹി: പ്രതിക്ക് ഒന്നിലേറെ കുറ്റങ്ങളിൽ തടവുശിക്ഷകൾ വിധിക്കുമ്പോൾ അവ ഒന്നിച്ചാണോ വെവ്വേറെയാണോ അനുഭവിക്കേണ്ടതെന്ന് വിചാരണക്കോടതികൾ ഉത്തരവിൽ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. അല്ലാത്തപക്ഷം അനാവശ്യ ആശയക്കുഴപ്പത്തിന് വഴിയൊരുക്കുമെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഉത്തർപ്രദേശ് സ്വദേശിയായ പ്രതിക്ക് വിവിധ വകുപ്പുകളിലായി ഒന്നിലധികം തടവുശിക്ഷ വിധിച്ചെങ്കിലും അത് വെവ്വേറെ അനുഭവിക്കണമോ എന്ന് വിചാരണക്കോടതി വ്യക്തമാക്കിയിരുന്നില്ല. പ്രതിയാകട്ടെ, ജയിലിൽ പത്തുവർഷവും ഒരുമാസവും പിന്നിട്ടു. ശിക്ഷ വെവ്വേറെ അനുഭവിക്കണമെങ്കിൽ 22 വർഷം തടവിൽ കഴിയണം.

ശിക്ഷ എങ്ങനെ അനുഭവിക്കണമെന്ന് വിചാരണക്കോടതി വ്യക്തമാക്കാത്തകാര്യം ഹൈക്കോടതിയും പരിശോധിച്ചില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തുടർന്ന് സുപ്രീംകോടതി അവരുടെ സവിശേഷാധികാരമുപയോഗിച്ച് പ്രതിയുടെ ആകെ തടവുശിക്ഷ 14 വർഷത്തിൽ കവിയരുതെന്ന് ഉത്തരവിറക്കി.