മൈസൂരു: അനധികൃത ഖനനം മാണ്ഡ്യയിലെ കൃഷ്ണരാജസാഗർ (കെ.ആർ.എസ്.) അണക്കെട്ടിന് ഭീഷണിയാണെന്ന പരാതി ശാസ്ത്രീയമായി വിലയിരുത്താൻ മാണ്ഡ്യ ജില്ലാഭരണകൂടം. അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലി രാഷ്ട്രീയനേതാക്കൾ ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിലാണിത്. ഖനനം അണക്കെട്ടിനുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ സ്ഫോടനം നടത്താനാണ് പദ്ധതി.

പാണ്ഡവപുര താലൂക്കിൽ ഖനനപ്രവർത്തനങ്ങളുടെ കേന്ദ്രമായ ബേബി ബെട്ടയ്ക്കും പരിസരപ്രദേശങ്ങളിലുമാണ് സ്ഫോടനം നടത്തുന്നത്. ജാർഖണ്ഡിലെ ധൻബാദിലുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്-സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ചാണ് (സി.എസ്.ഐ.ആർ.-സി.ഐ.എം.എഫ്.ആർ.) സ്ഫോടനം പരീക്ഷിക്കുന്നത്. സ്ഫോടനം നടത്തുന്ന വിവരം അണക്കെട്ടിന്റെ ചുമതലയുള്ള കാവേരി നീരാവരി നിംഗം ലിമിറ്റഡ് (സി.എൻ.എൻ.എൽ.) സ്ഥിരീകരിച്ചു. ഇതിനായി 22 ലക്ഷം രൂപ നൽകിയെന്ന് സി.എൻ.എൻ.എൽ. ചീഫ് എൻജിനിയർ ശങ്കരഗൗഡ പറഞ്ഞു.

സ്ഫോടനത്തിനുള്ള വെടിമരുന്നു വാങ്ങാനുള്ള എട്ടുലക്ഷം രൂപ മാണ്ഡ്യ ജില്ലാഭരണകൂടം വഹിക്കും. കോവിഡിനെത്തുടർന്നാണ് നടപടികൾ വൈകുന്നത്. ഈ മാസം അവസാനത്തോടെ വിദഗ്ധ സംഘമെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഖനനം കാരണം അണക്കെട്ടിനുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാൻ സി.എസ്.ഐ.ആർ.-സി.ഐ.എം.എഫ്.ആർ. സംഘം മാർച്ചിൽ അണക്കെട്ടിന്റെ 20 കിലോമീറ്റർ ചുറ്റളവിലുള്ള ഖനന യൂണിറ്റുകളിൽ പരിശോധന നടത്തിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ സ്ഫോടനം നടത്താനുള്ള മൂന്നു കേന്ദ്രങ്ങൾ സംഘം കണ്ടെത്തിയിട്ടുണ്ട്.

സ്ഫോടനം നടത്തുന്നതിൽ എതിർപ്പുമായി കർഷകർ രംഗത്തുവന്നു. തീരുമാനവുമായി അധികൃതർ മുന്നോട്ടുപോയാൽ പ്രക്ഷോഭം തുടങ്ങുമെന്ന് കർഷകർ മുന്നറിയിപ്പു നൽകി.

Content Highlights: Trial Blasts Around KRS Dam Soon To Study Impact