ബെംഗളൂരു: കർണാടക ആർ.ടി.സി.യിൽ കഴിഞ്ഞവർഷം ഏറ്റവുംകൂടുതൽ തവണ ഓൺലൈനിലൂടെ ടിക്കറ്റ് എടുത്തത് എറണാകുളം സ്വദേശി സജിൻ സെബാസ്റ്റ്യൻ. ബെംഗളൂരുവിൽ ഐ.ടി. കമ്പനിയിൽ ജോലിചെയ്യുന്ന സജിൻ 2019-ൽ 148 തവണയാണ് ടിക്കറ്റ് ബുക്കുചെയ്തത്. ഇതിലൂടെ 1.8 ലക്ഷം രൂപ ടിക്കറ്റിനത്തിൽ കർണാടക ആർ.ടി.സി.ക്ക് നൽകി. കൂടുതൽതവണ ഓൺലൈൻ ടിക്കറ്റ് എടുത്തവരെ അനുമോദിക്കാൻ കർണാടക ആർ.ടി.സി. സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് സജിന് ക്ഷണം ലഭിച്ചിട്ടുണ്ട്.

മൂന്നുവർഷമായി എല്ലാ ആഴ്ചകളിലും എറണാകുളത്തേക്ക് പോകുന്നുണ്ടെന്ന് സജിൻ പറഞ്ഞു. ആദ്യമൊക്കെ തീവണ്ടികളിലായിരുന്നു യാത്ര. എന്നാലിപ്പോൾ കർണാടക ആർ.ടി.സി. ബസിൽമാത്രമാണ് നാട്ടിലേക്കുപോകുന്നത്. സ്ലീപ്പർ ബസിലാണ് കൂടുതലായും യാത്രചെയ്യുന്നത്. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെത്തി ജോലിക്കു പോകേണ്ടതിനാലാണ് സ്ലീപ്പർ ബസിൽ യാത്രചെയ്യുന്നത്. കർണാടക ആർ.ടി.സി. ബസുകളുടെ സമയനിഷ്ഠയും യാത്രക്കാരോടുള്ള ബസ് ജീവനക്കാരുടെ പെരുമാറ്റവും മികച്ചതാണെന്ന് സജിൻ പറഞ്ഞു.

ബസ് കയറാൻ സ്റ്റാൻഡിലേക്കുള്ള യാത്രയ്ക്കിടെ ഗതാഗതക്കുരുക്കിൽപ്പെട്ടുപോയാൽ ജീവനക്കാർ കാത്തുനിൽക്കാറുണ്ട്. എറണാകുളം നോർത്ത് പറവൂർ സ്വദേശിയായ സജിൻ ബെംഗളൂരുവിൽ എച്ച്.എ.എല്ലിന് സമീപത്താണ് താമസം.

കഴിഞ്ഞദിവസം കർണാടക ആർ.ടി.സി. എം.ഡി. ശിവയോഗി സി. കലസദ് ഇ-മെയിൽവഴിയാണ്, 2019-ൽ കർണാടക ആർ.ടി.സി.യിൽ കൂടുതൽതവണ ടിക്കറ്റ് എടുത്തത് സജിനാണെന്ന വിവരം അറിയിച്ചത്. പതിവുയാത്രക്കാർക്കായി ഈ മാസം 29-ന് നടത്തുന്ന പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു സന്ദേശം.

ബെംഗളൂരു-എറണാകുളം റൂട്ടിൽ 137 തവണ യാത്രചെയ്ത എസ്. ധ്രുവരാജാണ് രണ്ടാംസ്ഥാനത്തുള്ളത്. 1.5 ലക്ഷം രൂപയാണ് ടിക്കറ്റിനത്തിൽ ഇയാൾ നൽകിയത്. ബെംഗളൂരു-പുതുച്ചേരി റൂട്ടിൽ 134 ടിക്കറ്റുകളെടുത്ത നവനീത ഗോപാലകൃഷ്ണനാണ് മൂന്നാംസ്ഥാനത്തുള്ളത്. കഴിഞ്ഞവർഷം നൂറിലധികം ടിക്കറ്റുകൾ ബുക്കുചെയ്തത് 12 യാത്രക്കാരാണ്. എറണാകുളം, ചെന്നൈ, വിജയവാഡ, ഹൈദരാബാദ്, തൃശ്ശൂർ, പനജി, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് ഓൺലൈനിലൂടെ കൂടുതൽ ടിക്കറ്റുകളെടുത്തത്.

Content Highlights: travelled 148 times in one year: Karnataka RTC congratulates Malayalee