കൊൽക്കത്ത: പശ്ചിമബംഗാളിലെ ജൽപായ്ഗുഡി ജില്ലയിൽ ബിക്കാനിർ-ഗുവാഹാട്ടി എക്സ്പ്രസ് പാളംതെറ്റി അഞ്ചുപേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. ഇവരിൽ എട്ടുപേരുടെ നില ഗുരുതരമാണ്. ഗുവാഹാട്ടിയിലേക്ക് പോകുംവഴി മയ്നാഗുഡിയിലാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ അപകടമുണ്ടായത്. തീവണ്ടിയുടെ ഏതാനും കോച്ചുകൾ പാളംതെറ്റി മറിഞ്ഞു. പരിക്കേറ്റവരിൽ 24 പേരെ ജൽപായ്ഗുഡി ആശുപത്രിയിലും 16 പേരെ മയ്നാഗുഡി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാളത്തിൽ വിള്ളലുണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. ഉന്നതതല അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടിട്ടുണ്ട്. എൻജിനുപിന്നിലുള്ള 12 കോച്ചുകളാണ് പാളംതെറ്റിയത്. ഇതിൽ ചിലത് മറ്റുബോഗികളുടെ മുകളിൽ ഇടിച്ചുകയറിയ നിലയിലാണ്.

ദേശീയ ദുരന്തപ്രതികരണസേന(എൻ.ഡി.ആർ. എഫ്.) സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഗ്യാസ്‌കട്ടർ ഉപയോഗിച്ച് ബോഗികൾ മുറിച്ചും മറ്റുമാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടം വനമേഖലയിലെ വിജനപ്രദേശത്തായതിനാൽ രക്ഷാപ്രവർത്തനത്തിൽ വെല്ലുവിളി നേരിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സാരമല്ലാത്ത പരിക്കേറ്റവർക്ക് 25,000 രൂപയും റെയിൽവേ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് സംഭവസ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചു.