ഷാജഹാൻപുർ: തീവണ്ടിയിൽ പുകവലി വിലക്കിയ ഗർഭിണിയെ സഹയാത്രികൻ ശ്വാസംമുട്ടിച്ചുകൊന്നു. കുടുംബത്തോടൊപ്പം പഞ്ചാബ്-ബിഹാർ ജാലിയൻവാലാ എക്സ്പ്രസിൽ യാത്രചെയ്തിരുന്ന ചിനാത് ദേവിയാണ് (45) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവമെന്ന് റെയിൽവേ പോലീസ് പറഞ്ഞു.

പ്രതി സോനു യാദവിനെ അറസ്റ്റുചെയ്തതായി ഷാജഹാൻപുർ റെയിൽവേ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള എ.കെ. പാണ്ഡെ പറഞ്ഞു. പുകവലിച്ചതിനെച്ചൊല്ലി ചിനാത് ദേവിയുമായി വാക്‌തർക്കത്തിലേർപ്പെട്ട സോനു ഒടുവിൽ ഇവരെ ശ്വാസംമുട്ടിക്കുകയായിരുന്നു. തീവണ്ടി നിർത്തി ചിനാത് ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഛഠ് പൂജാ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ബിഹാറിലേക്ക് പോവുകയായിരുന്നു ഇവരുടെ കുടുംബം.