ന്യൂഡൽഹി: ഗതാഗതനിയമലംഘനത്തിനുള്ള പിഴത്തുക കുത്തനെ കൂട്ടിയ കേന്ദ്ര തീരുമാനത്തിനെതിരേ, ബി.ജെ.പി. ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ രംഗത്ത്.

ഗുജറാത്താണ് കൂട്ടിയ തുക പകുതിയോ അതിൽ കൂടുതലായോ കുറച്ചുകൊണ്ട് ആദ്യം രംഗത്തെത്തിയത്. ബി.ജെ.പി. ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഉത്തരാഖണ്ഡിലെ മന്ത്രിസഭയും പിഴത്തുകയിൽ ഗണ്യമായ കുറവു പ്രഖ്യാപിച്ചു. കർണാടകത്തിലും പിഴ കുറയ്ക്കാനുള്ള നടപടികൾതുടങ്ങി. ഗുജറാത്തിന്റെ മാതൃക സ്വീകരിക്കാൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഗതാഗതമന്ത്രാലയത്തിന് നിർദേശം നൽകി. ഇക്കാര്യം അടിയന്തരമായി പരിഗണിക്കാൻ ഗതാഗതവകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിക്ക് നിർദേശംനൽകിയതായി അദ്ദേഹം പറഞ്ഞു.

തത്കാലം പഴയ നിരക്ക് തുടരാനാണ് ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ അന്തിമനിലപാടിനായി കാത്തിരിക്കുകയാണെന്ന് ഗതാഗതമന്ത്രി അശോക് കട്ടാരിയ പറഞ്ഞു.

ഗോവയിൽ പിഴവർധന നടപ്പാക്കുന്നത് 2020 ജനുവരി വരെ നിർത്തിവെക്കാൻ കേന്ദ്രാനുമതി തേടുമെന്ന് ഗതാഗതമന്ത്രി മോവിൻ ഗോഡിഞ്ഞോ പറഞ്ഞു. പുതിയ നിയമം നടപ്പാക്കുന്നതിനുമുമ്പ് റോഡുകളിലെ കുഴികൾ അടയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോട്ടോർവാഹനനിയമഭേദഗതി പ്രകാരമുള്ള പിഴത്തുകവർധന കടുത്ത ജനരോഷത്തിന് കാരണമാകുമെന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന സർക്കാരും വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കൂട്ടിയ പിഴ ഈടാക്കുന്നത് തത്കാലം മരവിപ്പിച്ചിരിക്കുകയാണെന്ന് ഗതാഗതമന്ത്രി ദിവാകർ റാവുത്ത് പറഞ്ഞു. പിഴത്തുക കുറയ്ക്കുന്ന കാര്യം കേന്ദ്രം അടിയന്തരമായി പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങൾക്ക് കടുത്ത തിരിച്ചടിയാകുന്ന പുതിയ നിയമഭേദഗതി പശ്ചിമബംഗാളിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ഏകപക്ഷീയമായാണ് കേന്ദ്രസർക്കാർ നിയമഭേദഗതി തയ്യാറാക്കിയതെന്നും സംസ്ഥാനങ്ങളുടെ എതിർപ്പ് കണക്കിലെടുത്തില്ലെന്നും അവർ കുറ്റപ്പെടുത്തി.

മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളും പുതിയ നിയമത്തിനെതിരാണ്. ഒഡിഷ സർക്കാർ നിയമം നടപ്പാക്കുന്നത് മൂന്നുമാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.

ഹരിയാണ, ബിഹാർ സംസ്ഥാനങ്ങൾ നിയമം നടപ്പാക്കി. ത്രിപുര, അസം സർക്കാരുകൾ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളം പുതിയ നിയമം നടപ്പാക്കിയെങ്കിലും എതിർപ്പിനെത്തുടർന്ന് പുതുക്കിയ പിഴത്തുക ഈടാക്കുന്നത് മരവിപ്പിച്ചിരിക്കുകയാണ്. ഡൽഹിയിൽ പുതുക്കിയ പിഴ ഈടാക്കാൻ തുടങ്ങിയെങ്കിലും വിജ്ഞാപനമിറക്കിയിട്ടില്ല.

റോഡ്സുരക്ഷ സംസ്ഥാനങ്ങളുടെയും ഉത്തരവാദിത്വം- ഗഡ്കരി

: റോഡുകളിൽ സുരക്ഷ ഉറപ്പുവരുത്തേണ്ടത് കേന്ദ്രത്തിനൊപ്പം സംസ്ഥാന സർക്കാരുകളുടെയും ഉത്തരവാദിത്വമാണെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.

ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ, അതുകാരണമുണ്ടാകുന്ന ഭവിഷ്യത്തുകൾ ഏറ്റെടുക്കാനും സംസ്ഥാനങ്ങൾ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തുന്നത് പൊതുപട്ടികയിൽ വരുന്ന വിഷയമായതിനാൽ സംസ്ഥാനങ്ങൾക്ക് പിഴത്തുക കുറയ്ക്കാൻ കഴിയും. പിഴയിൽനിന്ന് വരുമാനമുണ്ടാക്കുകയെന്നത് സർക്കാരിന്റെ ലക്ഷ്യമല്ല. പൊതുനിരത്തുകളിൽ ജീവൻ രക്ഷിക്കുകയാണ് പ്രധാനം. 1988-ലെ മോട്ടോർ വാഹന ഭേദഗതിനിയമം പാസാക്കിയപ്പോൾ 500 രൂപ പിഴ ചുമത്തിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ 5,000 രൂപ ഈടാക്കാൻ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 30 വർഷം മുമ്പ് 500 രൂപയ്ക്കുണ്ടായിരുന്ന മൂല്യമാണ് ഇന്ന് 5,000 രൂപയ്ക്കുള്ളത്. അമേരിക്ക പോലുള്ള മറ്റ് രാജ്യങ്ങളിലെ കർശനമായ ഗതാഗതനിയമങ്ങൾ പാലിക്കുന്ന ഇന്ത്യക്കാർ നാട്ടിൽ അതിന് തയ്യാറല്ലെന്നും ഗഡ്കരി കുറ്റപ്പെടുത്തി.

content highlights: traffic rule violation