ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കകത്തേക്കും പുറത്തേക്കുമുള്ള ഓക്സിജൻ നീക്കത്തെ തടസ്സപ്പെടുത്തരുതെന്ന ഉത്തരവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതിനായി 2005-ലെ ദുരന്തനിവാരണ നിയമം കർശനമാക്കാൻ കളക്ടർമാർക്കും എസ്.പിമാർക്കും നിർദേശം നൽകി. അന്തഃസംസ്ഥാന മെഡിക്കൽ ഓക്സിജൻ നീക്കത്തിന് ഒരു നിയന്ത്രണവും ഏർപ്പെടുത്താൻ പാടില്ലെന്നും ഇതനുസരിച്ച് ഗതാഗത വകുപ്പധികൃതർക്ക് നിർദേശം നൽകണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

ഹരിയാണ, ഉത്തർപ്രദേശ് സർക്കാരുകൾ തലസ്ഥാനത്തേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുന്നതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചതിനു മണിക്കൂറുകൾക്കുശേഷമാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഓക്സിജൻ നിർമാതാക്കൾ അവർ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രമായി ഓക്സിജൻ വിതരണം പരിമിതപ്പെടുത്തണമെന്ന് നിർദേശിക്കരുതെന്നും ഉത്തരവിൽ പറഞ്ഞു.

സമയനിബന്ധനയില്ലാതെ ഓക്സിജൻ വാഹനങ്ങളെ നഗരങ്ങളിലേക്ക് പ്രവേശിക്കാനും അന്തർജില്ലാ നീക്കത്തിനും അനുവദിക്കണം. സർക്കാർ ഇളവു നൽകിയവയ്ക്കല്ലാതെ വ്യാവസായികാവശ്യത്തിന് ഓക്സിജൻ വിതരണം നിർത്തിവെച്ചതായും ഉത്തരവിൽ പറഞ്ഞു. മെഡിക്കൽ ഓക്സിജന്റെ വിതരണവുമായി ബന്ധപ്പെട്ട് എംപവേഡ് ഗ്രൂപ്പ് രണ്ട് കാലാകാലങ്ങളിൽ പുറത്തിറക്കിയ എല്ലാ നിബന്ധനകളും സംസ്ഥാന സർക്കാരുകൾ കർശനമായി പാലിക്കണം. ഇവ നടപ്പാക്കുന്നതിന് ജില്ലാ മജിസ്‌ട്രേട്ട് (കളക്ടർ), സീനിയർ പോലീസ് സൂപ്രണ്ടുമാർ, എസ്.പി.മാർ, ഡി.സി.പി.മാർ എന്നിവർക്ക് വ്യക്തിപരമായ ബാധ്യതയുണ്ട്. സർക്കാർ നിർദേശം ലംഘിച്ചെന്നു തെളിഞ്ഞാൽ ഒരു വർഷംവരെ തടവ് അനുഭവിക്കണം. ഐ.പി.സി. പ്രകാരം ഒരു മാസത്തെ തടവും അനുഭവിക്കണം -ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.

സുനാമി ദുരന്തത്തിനുശേഷം നിലവിൽ വന്ന ദുരന്തനിവാരണ നിയമം കോവിഡിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും കർശനമായി നടപ്പാക്കിയത്. നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ദേശീയ ദുരന്തനിവാരണ സമിതിയുടെ ചെയർമാനാണ് ആഭ്യന്തര സെക്രട്ടറി.

രാജ്യത്തുടനീളമുള്ള ഓക്സിജൻ വിതരണം അവലോകനം ചെയ്യുന്നതിനും ലഭ്യത വർധിപ്പിക്കുന്നതിനുള്ള മാർഗം ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ ഉന്നതതല യോഗം വിളിച്ചിരുന്നു.