മുംബൈ: പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബേയുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന്റെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച ബോംബെ ഹൈക്കോടതി വിധി പറയും. ബീഡിലെ പരിസ്ഥിതി പ്രവർത്തകനായ ശാന്തനു മുലുകിന് അറസ്റ്റിൽ നിന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഇടക്കാല സംരക്ഷണം നൽകി. പത്തുദിവസത്തെ സംരക്ഷണമാണ് കോടതി നൽകിയത്. അതിനിടയിൽ മുൻകൂർ ജാമ്യം തേടി ശാന്തനുവിന് ഡൽഹി കോടതിയെ സമീപിക്കാം. ഇതേ കേസുമായി ബന്ധപ്പെട്ട് നികിത ജേക്കബിന്റെ ഹർജിയിൽ വാദംകേൾക്കൽ ചൊവ്വാഴ്ച അവസാനിച്ചു. ഹർജിയിൽ വിധി പറയുന്നത് വരെ നികിതക്കെതിരേ നടപടി എടുക്കില്ലെന്ന് ഡൽഹി പോലീസ് കോടതിയെ അറിയിച്ചു.

ടൂൾ കിറ്റിൽ കർഷകസമരത്തെ പിന്തുണയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതോ റെഡ് ഫോർട്ട് ആക്രമണവുമായി ബന്ധപ്പെട്ടോ ഉള്ള പരാമർശങ്ങൾ ഇല്ലെന്നും നികിതയുടെ അഭിഭാഷകൻ മിഹിർ ദേശായ് ബോംബെ ഹൈക്കോടതിയിൽ പറഞ്ഞു. രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള യാതൊന്നും ടൂൾ കിറ്റിലില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിന് പുറത്തുള്ള ഹൈക്കോടതിയിൽ സംരക്ഷണം തേടുന്നതിനെ എതിർത്താണ് ഡൽഹി പോലീസിനുവേണ്ടി ഹാജരായ ഹിതേൻ വെങ്കവൻകർ വാദങ്ങൾ നിരത്തിയത്.

ഇടക്കാല ജാമ്യത്തിന്റെ കാര്യം മാത്രമാണ് ഇവിടെ പരിഗണിക്കുന്നതെന്നും അതിനെയും നിങ്ങൾ എതിർക്കുകയാണോ എന്നും വാദം കേട്ട ജസ്റ്റിസ് പി.ഡി. നായിക് ഡൽഹി പോലീസ് അഭിഭാഷകയോട് ചോദിച്ചു. തുടർന്നാണ് ഹർജിയിൽ വിധിയുണ്ടാകുന്നത് വരെ നികിതയെ അറസ്റ്റ് ചെയ്യില്ലെന്ന് ബോംബെ ഹൈക്കോടതിയിൽ ഡൽഹി പോലീസ് നിലപാട് അറിയിച്ചത്. ഇതേ കേസിൽ ശാന്തനു മുലുകിന് പത്തുദിവസത്തെ ജാമ്യം ലഭിച്ച കാര്യം മിഹിർ ദേശായി കോടതിയിൽ വ്യക്തമാക്കി. ഒരു രാജ്യദ്രോഹവും ചെയ്യാത്ത നികിത ജേക്കബിന്റെ കാര്യത്തിലും കോടതിയിൽനിന്ന് ഇത്തരമൊരു നീതി പ്രതീക്ഷിക്കുന്നതായി മിഹിർ ദേശായി പറഞ്ഞു.

ഖലിസ്ഥാൻ പ്രസ്ഥാനവുമായി നികിത ജേക്കബിന് ബന്ധമുണ്ടെന്ന ഡൽഹി പോലീസിന്റെ കണ്ടെത്തൽ തമാശയായി മാത്രമേ കാണാനാവൂവെന്നും അദ്ദേഹം പറഞ്ഞു. ഇതേ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് നികിത. പരിസ്ഥിതി കാര്യങ്ങളിൽ താത്‌പര്യമുണ്ടെന്നതൊഴിച്ചാൽ അവർക്ക് മറ്റൊരു പ്രസ്ഥാനവുമായും ബന്ധമില്ലെന്നും മിഹിർ ദേശായി വ്യക്തമാക്കി.