ന്യൂഡൽഹി: കർഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ടൂൾ കിറ്റും റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളും തമ്മിൽ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുണ്ടോയെന്ന് ഡൽഹി പോലീസിനോട് കോടതി. അറസ്റ്റിലായ പരിസ്ഥിതിപ്രവർത്തക ദിശാ രവിയുടെ ജാമ്യഹർജി പരിഗണിക്കവേ ഡൽഹി പട്യാലഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്രർ റാണയുടേതാണ് ചോദ്യം. അഭ്യൂഹങ്ങൾക്കും അനുമാനങ്ങൾക്കും പകരം സംഘർഷവുമായി നേരിട്ടു ബന്ധമുള്ള ടൂൾകിറ്റിലെ ഉള്ളടക്കം ഹാജരാക്കാനും കോടതി പോലീസിനോടാവശ്യപ്പെട്ടു. ഹർജി വിധി പറയാൻ ചൊവ്വാഴ്ചത്തേക്ക് മാറ്റി.
തെറ്റായ പശ്ചാത്തലമുള്ള ഒരാളെ കണ്ടുവെന്നതിന്റെ പേരിൽമാത്രം എങ്ങനെയാണ് ഒരു വ്യക്തിക്കെതിരേ ദുരുദ്ദേശ്യം ആരോപിക്കുകയെന്നും കോടതി ചോദിച്ചു. ഖലിസ്താൻ നേതാവ് ധലിവാളുമായി ദിശ ബന്ധപ്പെട്ടിരുന്നെന്ന് പോലീസിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു അറിയിച്ചപ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്. എല്ലാവർക്കും ഖലിസ്താൻ നേതാവ് ധലിവാളിനെ അറിയാമെന്നും അയാളുമായി ബന്ധപ്പെടേണ്ട കാര്യമെന്താണെന്നും എ.എസ്.ജി. ചോദിച്ചു. അപ്പോൾ, ധലിവാളിനെ തനിക്കറിയില്ലെന്നായിരുന്നു ജഡ്ജിയുടെ മറുപടി.
തുടർന്നാണ്, സംഘർഷത്തിൽ ദിശാ രവിയെ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുണ്ടോയെന്ന് കോടതി പോലീസിനോട് ആരാഞ്ഞത്. ഒരു ഗൂഢാലോചനയിൽ എല്ലാവർക്കും ഒരേ പങ്കാളിത്തമല്ല ഉണ്ടായിരിക്കുകയെന്നായിരുന്നു ഇതിന് എ.എസ്.ജി.യുടെ മറുപടി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഗൂഢാലോചനയെ കാണാൻ കഴിയൂ. അദ്ദേഹം വാദിച്ചു.
ഇതോടെ, നിലവിൽ നേരിട്ടുള്ള തെളിവുകളില്ലെന്നാണോ വിചാരിക്കേണ്ടതെന്ന് കോടതി ചോദിച്ചു. ഇവിടെ ഉഹാപോഹങ്ങളാണോ വേണ്ടതെന്നും ആരാഞ്ഞ ജഡ്ജി തനിക്കു ബോധ്യമില്ലാത്ത കാര്യത്തിൽ മുന്നോട്ടുപോകാനാകില്ലെന്നും വ്യക്തമാക്കി.