ന്യൂഡല്‍ഹി: ഗ്രാമീണമേഖലയില്‍ കക്കൂസുകള്‍ നിര്‍മിക്കാന്‍ കൂടുതല്‍ പണം അനുവദിക്കണമെന്ന് ബാങ്കുകളോടും ചെറുകിട ധനകാര്യസ്ഥാപനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. 'ശുചിത്വ ഇന്ത്യക്കായി നൂതന സമ്പദ് വിതരണം' എന്ന സമ്മേളനത്തില്‍ സംസാരിക്കവെ കേന്ദ്രമന്ത്രി വിരേന്ദര്‍സിങ്ങാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

2019-ഓടെ 'സ്വച്ഛ് ഭാരത്' പദ്ധതി വിജയിപ്പിക്കാന്‍ ലക്ഷ്യമിട്ടാണിത്. ഗ്രാമീണമേഖലയില്‍ 50 ശതമാനം പേരും ഇപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് മലവിസര്‍ജനം നടത്തുന്നത്. വായ്പാ വിതരണത്തില്‍ ജലവിതരണം, കക്കൂസ് നിര്‍മാണം എന്നിവ പ്രത്യേക പരിഗണനയോടെ ധനവകുപ്പ് ഉള്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ധനസ്ഥാപനങ്ങള്‍ ഇക്കാര്യം പ്രാവര്‍ത്തികമാക്കണം.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് കക്കൂസ് നിര്‍മാണത്തിന് 12,000 രൂപ ഇപ്പോള്‍ നല്‍കുന്നുണ്ട്. എന്നാല്‍, മുഴുവന്‍ വീടുകളിലും കക്കൂസ് എന്ന ലക്ഷ്യം കൈവരിക്കാന്‍ കൂടുതല്‍ പണം വേണം. 2014 ഒക്ടോബര്‍ രണ്ടിന് 'സ്വച്ഛ് ഭാരത്' പദ്ധതി ആരംഭിച്ചതുമുതല്‍ ഇതുവരെ ഗ്രാമീണമേഖലയില്‍ 1.47 കോടി കക്കൂസുകള്‍ നിര്‍മിച്ചതായും മന്ത്രി പറഞ്ഞു.