ന്യൂഡൽഹി : കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കർഷകസംഘടനകൾ ശനിയാഴ്ച രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകൾ മൂന്നുമണിക്കൂർ ഉപരോധിക്കും. പ്രക്ഷോഭം നടക്കുന്ന ഡൽഹിയിൽ ഇപ്പോൾത്തന്നെ സ്തംഭനാവസ്ഥയുള്ളതിനാൽ റോഡ് ഉപരോധമില്ല. കരിമ്പുകർഷകർ വിളവെടുപ്പുതിരക്കിലായതിനാൽ ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും വഴിതടയൽ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു.

വഴിതടയലിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ചനടത്തി. പ്രധാനകേന്ദ്രങ്ങളിൽ അതിസുരക്ഷ ഏർപ്പെടുത്താനാണ് കൂടിക്കാഴ്ചയിലെ തീരുമാനമെന്നറിയുന്നു. അതേസമയം, റിപ്പബ്ലിക്ദിനത്തിലെ സംഘർഷങ്ങളുടെ അനുഭവത്തിൽ അതിസുരക്ഷ ഏർപ്പെടുത്തിയതായി ഡൽഹി പോലീസ് വക്താവ് ചിന്മയ് ബിസ്വാൾ അറിയിച്ചു. കർഷകർ ഡൽഹിക്കുകടക്കാതിരിക്കാൻ അഞ്ചുതട്ടിലുള്ള സുരക്ഷാക്രമീകരണങ്ങൾ സിംഘു ഉൾപ്പെടെയുള്ള സമരകേന്ദ്രങ്ങളിൽ സജ്ജമാക്കി. സാമൂഹികമാധ്യമ അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്.

റോഡുപരോധത്തിനുള്ള മാർഗരേഖ സംയുക്ത കിസാൻ മോർച്ചയും പുറത്തിറക്കി. ഉച്ചയ്ക്ക്‌ 12 മുതൽ വൈകീട്ട് മൂന്നുവരെ ദേശീയ-സംസ്ഥാന പാതകൾമാത്രം ഉപരോധിക്കുക, സ്കൂൾ ബസുകൾ, ആംബുലൻസുകൾ, അവശ്യവസ്തുക്കളുമായുള്ള വാഹനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക, പോലീസുകാരോടോ സർക്കാർ പ്രതിനിധികളോടോ പൊതുജനങ്ങളോടോ ഏതെങ്കിലും തരത്തിലുള്ള സംഘർഷങ്ങളിൽ ഏർപ്പെടാതിരിക്കുക എന്നിങ്ങനെയാണ് സമരക്കാർക്കുള്ള നിർദേശങ്ങൾ. മൂന്നുമണിക്ക് ഒരു മിനിറ്റുനേരം വാഹനങ്ങളുടെ സൈറൺമുഴക്കി സമരം സമാപിക്കും.

രാജാവ് ഇപ്പോൾത്തന്നെ റോഡുകളെല്ലാം അടച്ചിട്ടതിനാൽ ഡൽഹിയിൽ ഉപരോധമില്ലെന്ന് രാകേഷ് ടിക്കായത്ത് പരിഹസിച്ചു. പോലീസും സർക്കാരും റോഡുകൾ അടച്ചസ്ഥിതിക്ക് സിംഘുവിൽ ഉപരോധം നടത്തേണ്ട കാര്യമില്ലെന്ന് മറ്റൊരു കർഷകനേതാവ് മൻജീത് റായും പറഞ്ഞു. തങ്ങൾക്ക്‌ ഡൽഹിയിൽ പ്രവേശിക്കാൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമരക്കാർക്ക് പാസ്പോർട്ട് നിഷേധിക്കുമെന്ന് ഉത്തരാഖണ്ഡ്, ജോലി തരില്ലെന്ന് ബിഹാർ

സമരത്തെ അനുകൂലിച്ച് പ്രചാരണം നടത്തുന്നവർക്കെതിേര ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളും കർശനനടപടികൾ തുടങ്ങി. ഇത്തരക്കാർക്ക് പാസ്പോർട്ട് ലഭിക്കുക ദുഷ്കരമാകുമെന്ന് ഉത്തരാഖണ്ഡ് പോലീസ് വ്യക്തമാക്കി. ആയുധലൈസൻസും അനുവദിക്കില്ല.

സമരാനുകൂലികൾക്ക്‌ ബാങ്ക്‌വായ്പ നൽകേണ്ടെന്നും സർക്കാർജോലിക്ക്‌ പരിഗണിക്കേണ്ടെന്നുമാണ് ബിഹാർ സർക്കാരിന്റെ നിർദേശം.

Content Highlight: Today Farmers Blocking Public Roads And Highways