കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എം.പി.യായ അർപിതാ ഘോഷിന്റെ അപ്രതീക്ഷിതരാജി പാർട്ടി നിർദേശത്തെത്തുടർന്ന്.

പശ്ചിമബംഗാളുകാരനല്ലാത്ത ഒരു പ്രമുഖ ദേശീയനേതാവ് ഉടൻ തൃണമൂലിൽ ചേരുമെന്നും അദ്ദേഹത്തിന് എം.പി.സ്ഥാനം നൽകാനായി ഒഴിപ്പിച്ചെടുത്തതാണ് ഈ സീറ്റെന്നും റിപ്പോർട്ടുണ്ട്. ദേശീയതലത്തിൽതന്നെ ശ്രദ്ധേയനും ബി.ജെ.പി.ക്ക് വെല്ലുവിളിയുയർത്താൻപോന്ന വ്യക്തിത്വമുള്ളയാളുമാണ് പുതിയ എം.പി.യായി എത്തുകയെന്നാണ് തൃണമൂലിൽ ഒരു വിഭാഗം കരുതുന്നത്. കോൺഗ്രസിൽനിന്നായിരിക്കും ഇതെന്നാണ് സൂചന. ഗുലാംനബി ആസാദുമായി ഒരു പ്രമുഖ തൃണമൂൽ നേതാവ് നീക്കുപോക്കുകളെക്കുറിച്ചു സംസാരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

എന്നാൽ, പ്രധാന കോൺഗ്രസ് വിമർശകരെയോ ജി-23 വിഭാഗത്തിലുള്ള നേതാക്കളെയോ പരിഗണിക്കാൻ സാധ്യത കുറവാണെന്നും പറയപ്പെടുന്നു. മുൻ ത്രിപുര പി.സി.സി. അധ്യക്ഷനും ത്രിപുരയിലെ രാജകുടുംബാംഗവുമായ പ്രദ്യോത് കിഷോർ മാണിക്യ ദേബ് ബർമന്റെ പേരും ചർച്ചകളിൽ നിറയുന്നുണ്ട്. ടിപ്ര മോട്ട എന്ന പുതിയ പാർട്ടിയുണ്ടാക്കി ഐ.പി.എൻ.എ. എന്ന ഗോത്രവർഗസംഘടനയുമായി ചേർന്ന് നീങ്ങുന്ന പ്രദ്യോത് സംസ്ഥാനത്ത് ബി.ജെ.പി.ക്കും സഖ്യകക്ഷിയായ ഐ.പി.എഫ്.ടി.ക്കും വൻഭീഷണിയാണുയർത്തുന്നത്. ഏപ്രിലിൽനടന്ന ഗോത്രമേഖലാ സ്വയംഭരണ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ പ്രദ്യോതിന്റെ സഖ്യം 28-ൽ 18 സീറ്റ് നേടിയിരുന്നു. ബി.ജെ.പി.ക്ക് ഒമ്പതു സീറ്റുമാത്രമാണ് കിട്ടിയത്.

അതേസമയം തൃണമൂലിൽ നേരത്തേതന്നെ ചേർന്നിട്ടുള്ള യശ്വന്ത് സിൻഹയ്ക്കോ പുതുതായിച്ചേർന്ന വിവരാവകാശപ്രവർത്തകൻ സാകേത് ഗോഖലെക്കോ വേണ്ടിയാകാം സീറ്റ് ഒഴിപ്പിച്ചെടുത്തതെന്ന് മറ്റൊരു സംസാരവുമുണ്ട്.