ബെംഗളൂരു: ബി.ജെ.പി., സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തിനിടെ കര്‍ണാടകത്തില്‍ ടിപ്പുജയന്തി ആഘോഷിച്ചു. കുടക്, മടിക്കേരി, ശിവമോഗ, ദാവന്‍ഗരെ, ഹുബ്ബള്ളി, ദക്ഷിണ കന്നഡ എന്നിവിടങ്ങളില്‍ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. ആക്രമണസാധ്യത മുന്നില്‍ക്കണ്ട് ഇവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ബി.ജെ.പി. എം.എല്‍.എ.മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായെങ്കിലും. ജയന്തി ആഘോഷം പൊതുവേ സമാധാനപരമായിരുന്നു.

ബെംഗളൂരു വിധാനസൗധയില്‍ നടന്ന സംസ്ഥാനതല ആഘോഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ആഘോഷത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

ടിപ്പുജയന്തി ആഘോഷത്തില്‍ പ്രതിഷേധിച്ച് കുടകില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണമായിരുന്നു. മടിക്കേരിയില്‍ വാഹനങ്ങള്‍ക്കുനേരേ കല്ലേറുണ്ടായി. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധപ്രകടനം നടത്തിയ 200-ഓളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. നിരോധനാജ്ഞ ലംഘിച്ച് വിവിധ ജില്ലകളില്‍ ബി.ജെ.പി.യുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി നടന്നു.

ടിപ്പുജയന്തിയെ അനുകൂലിച്ചും എതിര്‍ത്തുമുള്ള റാലികള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍, നിരോധനം മറികടന്ന് ബി.ജെ.പി. പ്രതിഷേധറാലി സംഘടിപ്പിക്കുകയായിരുന്നു.

ബല്ലാരിയിലും യാദ്ഗിറിലും ബി.ജെ.പി. എം.എല്‍.എ.മാര്‍ ടിപ്പുജയന്തി ആഘോഷത്തില്‍ പങ്കെടുത്തു. ബല്ലാരിയില്‍ നടന്ന ആഘോഷത്തില്‍ ബി.ജെ.പി. എം.എല്‍.എ.യും മുന്‍മന്ത്രിയുമായ ആനന്ദ് സിങ് പങ്കെടുത്തു.
 
യാദ്ഗറില്‍ ഗുരുപാട്ടില്‍ എം.എല്‍.എ.യും ചടങ്ങില്‍ പങ്കെടുത്തു. സ്വന്തം മണ്ഡലത്തില്‍ നടന്ന പരിപാടിയെന്നനിലയിലാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് ആനന്ദ് സിങ് പറഞ്ഞു. സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച ബി.ജെ.പി.ക്ക് ഇതു തിരിച്ചടിയായി.

ബെലഗാവി, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത് സംഘര്‍ഷത്തിനിടയാക്കി. തീരദേശജില്ലകളിലും പ്രതിഷേധപരിപാടികള്‍ നടന്നു. ടിപ്പുജയന്തി ആഘോഷം കണക്കിലെടുത്ത് ബെംഗളൂരു നഗരത്തിലും സുരക്ഷ ശക്തമാക്കിയിരുന്നു. ബെംഗളൂരു കോര്‍പ്പറേഷനുമുന്നില്‍ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ പ്രതിഷേധം നടത്തി.