ന്യൂഡല്‍ഹി: സി.പി.എമ്മും ബി.ജെ.പി.യും നേര്‍ക്കുനേര്‍ പോരാട്ടം നടത്തുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ 76 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞതവണ 91.82 ശതമാനം പോളിങ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

60 അംഗ സഭയിലേക്കുള്ള 59 സീറ്റുകളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. സി.പി.എം. സ്ഥാനാര്‍ഥി രാമേന്ദ്ര നാരായണ്‍ ദേബ് ബര്‍മ കഴിഞ്ഞയാഴ്ച മരിച്ചതിനെത്തുടര്‍ന്ന് ചാരിലം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാര്‍ച്ച് 12-ലേക്ക് മാറ്റി. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍.

25 വര്‍ഷമായി അധികാരത്തിലിരിക്കുന്ന സി.പി.എമ്മിനെ തുടര്‍ച്ചയായ അഞ്ചാംവട്ടവും മുഖ്യമന്ത്രി മാണിക് സര്‍ക്കാരാണ് നയിക്കുന്നത്. 57 സീറ്റുകളില്‍ സി.പി.എം. ജനവിധി തേടുമ്പോള്‍, സഖ്യകക്ഷികളായ സി.പി.ഐ., ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി. എന്നിവയാണ് ശേഷിക്കുന്ന മൂന്നുസീറ്റുകളില്‍ മത്സരിക്കുന്നത്.

ബി.ജെ.പി. 51 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ സഖ്യകക്ഷിയും ഗോത്രവര്‍ഗപാര്‍ട്ടിയുമായ ഇന്‍ഡിജീനസ് പീപ്പിള്‍സ് ഫ്രന്റ് ഓഫ് ത്രിപുര(ഐ.പി.എഫ്.ടി.)യാണ് ബാക്കിയുള്ള ഒമ്പതു സീറ്റുകളില്‍ ജനവിധി തേടുന്നത്. ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസ് 59 സീറ്റുകളിലാണ് മത്സരിക്കുന്നത്. കാക്രബോണ്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.