ന്യൂഡൽഹി: എയർ ഇന്ത്യ 2017 മുതൽ 2019 വരെയുള്ള കാലത്ത് വരുത്തിയ നഷ്ടം 1.62 ലക്ഷം കോടി രൂപ. 2016-’17-ൽ 48,447.37 കോടി, 2017-’18-ൽ 55,308.52 കോടി, 2018-’19-ൽ 58,255.89 കോടി എന്നിങ്ങനെയാണ് നഷ്ടക്കണക്ക്. വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വിവിധ രാജ്യസഭാംഗങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഓരോ വർഷവും കുമിഞ്ഞുകൂടുന്ന നഷ്ടം നികത്താൻ സർക്കാർസഹായം നൽകിയാലും പറ്റാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് നീതി ആയോഗിന്റെ നിർദേശപ്രകാരം വിൽപ്പന നടപടിയിലേക്ക് നീങ്ങിയത്. മത്സരാധിഷ്ഠിതമായ വ്യോമയാനവിപണിയിൽ എയർ ഇന്ത്യയ്ക്ക് നിലവിലെ പരാധീനതകളുമായി മുന്നോട്ടുപോകാനാവില്ല -മന്ത്രി വ്യക്തമാക്കി.

അതേസമയം, 2019 നവംബർ 30 വരെ വി.വി.ഐ.പി.കൾക്കായി സർവീസുകൾ നടത്തിയ വകയിൽ 845.04 കോടിയും മറ്റു സർക്കാർ പരിപാടികൾക്കായുള്ള സർവീസ് വകയിൽ 527.09 കോടിയും എയർ ഇന്ത്യയ്ക്ക് സർക്കാർ നൽകാനുണ്ട്. ആകെ 1372.13 കോടി രൂപ.

ഉയർന്ന പലിശനിരക്കിൽ വായ്പയെടുത്തതിനെത്തുടർന്ന് പെരുകുന്ന ബാധ്യത, കുറഞ്ഞ നിരക്കിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികളിൽനിന്നുള്ള മത്സരം, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച കാരണം വിദേശ കറൻസി വിനിമയത്തിലൂടെയുണ്ടാകുന്ന വൻ നഷ്ടം, ഉയർന്ന തോതിലുള്ള പ്രവർത്തനച്ചെലവ് എന്നിവയാണ് എയർ ഇന്ത്യ നഷ്ടത്തിലാവാനുള്ള പ്രധാന കാരണങ്ങളെന്ന് മന്ത്രി മറുപടിയിൽ പറഞ്ഞു.

air india

കഴിഞ്ഞ സാമ്പത്തികവർഷം 4600 കോടിയുടെ പ്രവർത്തനനഷ്ടം മാത്രം എയർ ഇന്ത്യ വരുത്തിവെച്ചു. ഇന്ധന വില കൂടിയതും വിദേശ വിനിമയ പ്രശ്‌നവുമാണ് കമ്പനി ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്. ബാലാകോട്ട് വ്യോമാക്രമണത്തെത്തുടർന്ന് പാകിസ്താൻ നാലു മാസത്തോളം വ്യോമപാത അടച്ചപ്പോൾ 430 കോടി രൂപയുടെ നഷ്ടമാണ് എയർ ഇന്ത്യയ്ക്കുണ്ടായത്.

Content Highlights: three year- Air India loses Rs 1.62 lakh cr