ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഉറിയിലെ നിയന്ത്രണരേഖയ്ക്കുസമീപം ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സെനികർ തകർത്തു. മൂന്നു ഭീകരരെ വധിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു. ഇവരുടെ പക്കൽനിന്ന് ആയുധശേഖരവും വെടിമരുന്നും പിടിച്ചെടുത്തു.

ഹത്‌ലംഗ മേഖലയിൽ സംശയാസ്പദമായ ചില നീക്കങ്ങൾ കണ്ടതോടെ തിരച്ചിൽ നടത്തുകയായിരുന്നെന്ന് ജനറൽ ഓഫീസർ കമാൻഡിങ് ലെഫ്റ്റനന്റ് ജനറൽ ഡി.പി. പാണ്ഡെ പറഞ്ഞു. അഞ്ച് റൈഫിളുകൾ, ഏഴ് പിസ്റ്റളുകൾ, ഗ്രനേഡുകൾ എന്നിവയുൾപ്പെടെയുള്ള ആയുധശേഖരമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. നിയന്ത്രണരേഖയുടെ മറുഭാഗത്ത് നുഴഞ്ഞുകയറ്റ നീക്കം തകൃതിയായി നടക്കുന്നുണ്ട്. അത് കണക്കിലെടുത്ത് സൈന്യം അതിജാഗ്രത പുലർത്തുന്നുമുണ്ട്. പാക് കമാൻഡർമാരുടെ പിന്തുണയില്ലാതെ ഇത്തരം നീക്കങ്ങൾ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഷോപിയാൻ ജില്ലയിൽ ബുധനാഴ്ച രാത്രി സുരക്ഷാസേന ഒരു ഭീകരനെ വെടിവെച്ചു കൊന്നു. അനയത്ത് അഷ്റഫ് ദാർ എന്നയാളാണ് മരിച്ചത്. മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ള ഇയാൾ നാട്ടുകാരനായ ജീവർ ഹമീദ് ഭട്ടിനെ വെടിവെച്ച് പരിക്കേൽപ്പിക്കുകയും നാട്ടുകാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. തുടർന്ന് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കുകയും ഒളിത്താവളം കണ്ടെത്തുകയുമായിരുന്നു. കീഴടങ്ങാൻ തയ്യാറാകാത്ത ദാറിനെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. സംഭവസ്ഥലത്തുനിന്ന് തോക്കും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.