ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഹിസ്ബുൾ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടു.

സീർ സ്വദേശി ഹമദ് ഖാൻ എന്ന ഉമർ ഫയാസ് ലോൺ, മണ്ടൂറ സ്വദേശി ഫൈസാൻ ഹമീദ്, മൊകാമാ സ്വദേശി അബു ദുജാനാ എന്ന ആദിൽ ബഷീർ മിർ എന്നിവരാണ് കൊല്ലപ്പെട്ടത്. സൈനിക കേന്ദ്രങ്ങളിൽ നടന്നതുൾപ്പെടെ വിവിധ ഭീകരാക്രമണങ്ങളിൽ പോലീസ് തിരഞ്ഞുകൊണ്ടിരുന്നവരാണിവർ.

പോലീസും സുരക്ഷാസേനയും സംയുക്തമായി ത്രാലിലെ ഗുജാർ ബസ്തിയിൽ നടത്തിയ തിരച്ചിലിലാണ് കൊല്ലപ്പെട്ടത്. ഇവരിവിടെയുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു തിരച്ചിൽ.

കൊല്ലപ്പെട്ട ഹമദ് ഖാൻ 2016-മുതൽ ഒട്ടേറെ ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതായി പോലീസ് പറഞ്ഞു. പോലീസുകാരനായ ഹലീം കോഹ്‌ലിയെ കൊന്നതുൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ഇയാൾക്കെതിരേ ട്രാൽ പോലീസ് സ്റ്റേഷനിൽ പതിനാറും അവന്തിപോറ പോലീസ് സ്റ്റേഷനിൽ രണ്ടും കേസുകൾ നിലവിലുണ്ട്. കൊല്ലപ്പെട്ടവരിൽനിന്നും തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തു.

Content Highlights: three hizbul terrorists killed in kashmir