ന്യൂഡൽഹി: പ്രതിരോധത്തിനും ആഭ്യന്തര സുരക്ഷയ്ക്കും ഫണ്ട് അനുവദിക്കുന്നത് 15-ാം ധനകാര്യ കമ്മിഷന്റെ പരിഗണനാവിഷയമായി നൽകിയ കേന്ദ്രസർക്കാർ നടപടി സംസ്ഥാനങ്ങളുടെ വിഹിതം കുറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. ഇത് അംഗീകരിക്കാനാകില്ലെന്നും സംസ്ഥാനങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി കമ്മിഷൻ ശുപാർശ നൽകിയാൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ സംഘടിപ്പിച്ച ദേശീയ സെമിനാറിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. കമ്മിഷന്റെ പരിഗണനാവിഷയങ്ങൾ നിശ്ചയിച്ചതുമുതൽ വ്യാപകമായ എതിർപ്പ് ഉയർന്നുവന്നിരുന്നു. കേരളം മുൻകൈയെടുത്ത് ധനമന്ത്രിമാരുടെ സമ്മേളനങ്ങൾ ചേരുകയും രാഷ്ട്രപതിക്ക് നിവേദനം നല്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ 42 ശതമാനം നികുതിവിഹിതം കുറവുചെയ്യില്ലെന്ന് പൊതുവേ ധാരണയുണ്ടായി. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കേന്ദ്രസർക്കാർ പരിഗണനാ വിഷയങ്ങൾ മാറ്റി. ഇത് സംസ്ഥാനങ്ങളടെ വരുമാനത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചാണ് ശനിയാഴ്ച ചർച്ച നടന്നത്- മന്ത്രി പറഞ്ഞു.

ഭരണഘടനയുടെ 270-ാം വകുപ്പ് പ്രകാരം പങ്കുവെക്കേണ്ട നികുതികളിൽ, ഈ നികുതികൾ പിരിക്കാനുള്ള ചെലവ്, സെസ്, സർചാർജ് എന്നിവ ഒഴിച്ചുള്ളവ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഇടയിൽ പങ്കുവെക്കേണ്ടതാണ്. മറ്റൊരാവശ്യത്തിന് പങ്കുവെക്കാനാകില്ല. പ്രതിരോധാവശ്യത്തിനു വേണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ വിഹിതത്തിൽനിന്ന് പങ്കുവെക്കാൻ കമ്മിഷനു ശുപാർശ ചെയ്യാം. ഇതിനു വിരുദ്ധമായ നടപടിയുണ്ടാകുകയാണെങ്കിൽ കോടതിയെ സമീപിക്കും. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ പങ്കുവെക്കേണ്ട നികുതി മറ്റൊരാവശ്യത്തിനായി മാറ്റുന്നത് ഭരണഘടനാവിരുദ്ധമാണ്- മന്ത്രി ഐസക് പറഞ്ഞു.

സംസ്ഥാനങ്ങളുടെ നികുതിവിഹിതം 50 ശതമാനമാക്കണമെന്നാണ് എല്ലാ സംസ്ഥാനങ്ങളുടെയും ആവശ്യം. ഇത് അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും അദ്ദേഹമാവശ്യപ്പെട്ടു. സംസ്ഥാന ധനമന്ത്രിമാരുടെ അടുത്ത യോഗം ഗോവയിൽ നടത്തുമെന്നും തോമസ് ഐസക് പറഞ്ഞു.