ന്യൂഡൽഹി: ബാബറി മസ്ജിദ് പൊളിച്ചത് ഇന്ത്യയുടെ മതേതര സ്വഭാവം തകർത്തെന്ന് സുപ്രീംകോടതി പറഞ്ഞത് 2017 ഏപ്രിൽ 19-നായിരുന്നു. പള്ളി പൊളിച്ചത് അങ്ങേയറ്റം മോശമായ നിയമലംഘനമാണെന്ന് അയോധ്യ ഭൂമിതർക്ക കേസിലെ വിധിയിൽ ചൂണ്ടിക്കാട്ടിയത് 2019 നവംബർ ഒമ്പതിന്.
ഒരു വർഷം തികയുംമുൻപ് അതേ ബാബറി മസ്ജിദ് കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടുകൊണ്ട് ലഖ്നൗ കോടതിയുടെ വിധിയും ബുധനാഴ്ച വന്നു. സുപ്രീംകോടതിയുടെതന്നെ വിധികൾക്കെതിരാണ് ലഖ്നൗവിലെ സി.ബി.ഐ. പ്രത്യേക കോടതിയുടെ വിധിയെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്താനും കാരണമിതാണ്.
ബാബറി മസ്ജിദ് പൊളിച്ചതും അതിനുനേരെ നടന്ന അതിക്രമങ്ങളും അങ്ങേയറ്റം മോശമായ നിയമലംഘനമാണെന്നാണ് നവംബർ ഒമ്പതിലെ വിധിയിൽ സുപ്രീംകോടതി നിരീക്ഷിച്ചത്. 1934-ൽ ബാബറി പള്ളിക്ക് കേടുപാടുകൾ വരുത്തി. 1949-ൽ അവിടെ അതിക്രമിച്ചുകയറി പ്രതിഷ്ഠകൾ സ്ഥാപിച്ചു. മുസ്‌ലിങ്ങളുടെ ആരാധന തടസ്സപ്പെടുത്തി. പിന്നീട് 1992-ൽ പള്ളി പൂർണമായും പൊളിച്ചു. അയോധ്യയിൽ തത്‌സ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവിന്റെയും ഇവിടെ നൽകിയ ഉറപ്പിന്റെയും ലംഘനമായിരുന്നു പള്ളി പൊളിക്കൽ. ഏറ്റവും മോശമായ നിയമലംഘനമാണ് ഇതെല്ലാമെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ച് പറഞ്ഞു.
എൽ.കെ. അദ്വാനിയുൾപ്പെടെയുള്ളവരുടെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച 2017-ലെ വിധിയിലാണ് ജസ്റ്റിസുമാരായ പി.സി. ഘോഷ്, ആർ.എഫ്. നരിമാൻ എന്നിവരുടെ ബെഞ്ച് ബാബറി സംഭവത്തെ ശക്തമായി അപലപിച്ചത്. മസ്ജിദ് പൊളിച്ചത് ഇന്ത്യൻ ഭരണഘടനയുടെ മതേതര സ്വഭാവത്തെ പിടിച്ചുകുലുക്കിയ സംഭവമാണെന്ന് കോടതി പറഞ്ഞു. കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രതികളെ വേണ്ടവിധം നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിക്കാത്തത് സി.ബി.ഐ.യുടെ പിഴവാണ്. ചെറിയ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാതിരുന്ന ഉത്തർപ്രദേശ് സർക്കാരിനും വീഴ്ചപറ്റിയെന്ന് ബെഞ്ച് പറഞ്ഞു.
വിവിധ വിഷയങ്ങളിൽ തീർപ്പുകൽപ്പിക്കാൻ ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരമുള്ള പ്രത്യേക അധികാരമുപയോഗിച്ചാണ് റായ്ബറേലിയിലും ലഖ്നൗവിലുമായി നടന്നിരുന്ന വിചാരണ ഒരിടത്തേക്കുമാറ്റിയത്.
content highlights:this is what supreme court observed in babri masjid demolition then