ന്യൂഡൽഹി: ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിൽ, പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്സിന്റെ മൂന്നാം ഡോസ് നൽകുന്നകാര്യം പരിഗണനയിൽ.

പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതികസമിതി ഇക്കാര്യത്തിൽ ഉടനെ ശുപാർശ നൽകിയേക്കും. അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ആരോഗ്യമന്ത്രാലയമാണ്. കോവിഡ്മൂലം മരിച്ചവരിൽ കൂടുതലും വാക്സിൻ എടുക്കാത്തവരാണ്. വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസിന് സാധിക്കുമെന്നാണ് കരുതുന്നത്. രോഗത്തിന്റെ തീവ്രതയും മരണവും തടയുന്നതിന് ബൂസ്റ്റർ ഡോസ് സഹായകരമാവും.

രണ്ടുഡോസുകളിലൂടെ ലഭിച്ച പ്രതിരോധശേഷി ഏതാനുംമാസങ്ങൾ പിന്നിടുമ്പോൾ കുറഞ്ഞുവരും. മറ്റുരോഗങ്ങൾ ഉള്ളവരിലും പ്രായമേറിയവരിലുമാണ് പ്രതിരോധശേഷി വേഗം കുറയുന്നത്. ഈ പശ്ചാത്തലത്തിലാണ് ബൂസ്റ്റർ ഡോസ് അനിവാര്യമാകുന്നത്. ഒമിക്രോണിനെ നേരിടാൻ മൂന്നാംഡോസ് നൽകണമെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ഡിസംബർ ഏഴിന് ഇതുമായി ബന്ധപ്പെട്ട് ഡബ്ല്യു.എച്ച്.ഒ.യുടെ ഉപദേശകസമിതി യോഗംചേരുന്നുണ്ട്.

അതേസമയം, ചില രാജ്യങ്ങൾ ഇതിനകംതന്നെ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. ഇസ്രയേലാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള അന്തിമതീരുമാനവും കേന്ദ്രം ഉടനെ എടുത്തേക്കും. കുട്ടികൾക്ക് വാക്സിൻ നൽകാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും എന്നു തുടങ്ങണമെന്ന് തീരുമാനിച്ചിട്ടില്ല. രോഗമുള്ള കുട്ടികൾക്കും പ്രതിരോധശേഷി കുറഞ്ഞവർക്കുമാണ് മുൻഗണന നൽകുക.

രണ്ടാംതരംഗത്തില്‍ കോവിഷീല്‍ഡ് സംരക്ഷണം 63 ശതമാനം

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടുഡോസുമെടുത്തവര്‍ക്ക് ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാംതരംഗസമയത്ത് അണുബാധയില്‍നിന്ന് 63 ശതമാനം സംരക്ഷണം കിട്ടിയെന്ന് പഠനം. ഗുരുതരമായ അണുബാധയില്‍നിന്ന് 81 ശതമാനം സംരക്ഷണവും ലഭിച്ചെന്ന് വൈദ്യശാസ്ത്രജേണലായ 'ദ ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസി'ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

വാക്‌സിന്റെ ഫലപ്രാപ്തി പരിശോധിക്കാന്‍ രണ്ടുഡോസ് വാക്‌സിനുമെടുത്തിട്ടും കോവിഡ് ബാധിച്ച 2379 പേരെയും പൂര്‍ണ ആരോഗ്യമുള്ള 1981 പേരെയുമാണ് പരിശോധിച്ചത്. ട്രാന്‍സ്നാഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ഗവേഷകരാണ് പഠനം നടത്തിയത്. കോവിഡ് രണ്ടാംതരംഗം പാരമ്യത്തിലായിരുന്ന ഏപ്രില്‍, മേയ് മാസങ്ങളിലായിരുന്നു പഠനം.

കോവിഡിനു കാരണമായ സാര്‍സ്-കോവി-2 വൈറസിന്റെ വിവിധ വകഭേദങ്ങളോട് കോവിഷീല്‍ഡ് വാക്‌സിന്‍ പ്രതികരിക്കുന്നുണ്ടെന്നും അത് എങ്ങനെയെന്നും ഇതില്‍നിന്നു വ്യക്തമായി. അണുബാധ ഗുരുതരമാകാതിരിക്കാനും മരണത്തിലേക്കു നയിക്കാതിരിക്കാനും വാക്‌സിനുകള്‍ക്കാകുമെന്ന് പഠനം വ്യക്തമാക്കുന്നു.

Content Highlights: Omicron concern; Third dose of the vaccine is under consideration in India